Join News @ Iritty Whats App Group

ഇസ്രായേലിനകത്ത് യാത്ര ഒഴിവാക്കണം; അടച്ചിട്ട ഷെല്‍ട്ടറുകളില്‍ കഴിയണം; അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം; ഇസ്രായേലിലുള്ള പൗരന്മാര്‍ക്ക് ഇന്ത്യയുടെ ജാഗ്രത നിര്‍ദേശം


ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യയുടെ വധത്തോടെ പശ്ചിമേഷ്യയില്‍ രൂപപ്പെട്ട സംഘര്‍ഷത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യ. ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി നിര്‍ദേശം.

ഇസ്രായേലിനകത്ത് യാത്ര ഒഴിവാക്കാനും അടച്ചിട്ട ഷെല്‍ട്ടറുകളില്‍ കഴിയാനും ഇസ്രായേല്‍ അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്താനുമാണ് ഇന്ത്യന്‍ എംബസി മുഖേന വിദേശ മന്ത്രാലയം നല്‍കിയ നിര്‍ദേശം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ലബനാനിലേക്ക് യാത്ര നടത്തരുതെന്ന് ബൈറൂത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന്റെ പിറ്റേന്നാണ് ഇസ്രായേലിലും സമാന നിര്‍ദേശം.

ഇസ്രായേലിലേക്കുള്ള വിമാന സര്‍വിസ് ആഗസ്റ്റ് എട്ടുവരെ എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.

അതേസമയം, ലബനനില്‍ ഇസ്രായേല്‍-ഹിസ്ബുല്ല സംഘര്‍ഷം ബോംബിങ്ങില്‍ എത്തിയതോടെ ഇന്ത്യാക്കാര്‍ രാജ്യം വിടണമെന്ന് മുന്നറിയിപ്പും ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഹിസ്ബുല്ല കമാന്‍ഡര്‍ ഫുആദ് ഷുകൂര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുദ്ധം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് എംബസിയുടെ നിര്‍ദേശം.

മേഖലയിലെ സമീപകാല സംഭവവികാസങ്ങളും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണം. എല്ലാ ഇന്ത്യക്കാരോടും ലെബനന്‍ വിടണമെന്നും ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് കണ്ടാണ് ഇന്ത്യന്‍ എംബസി ജാത്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലെബനാനില്‍ തുടരേണ്ട സാഹചര്യമുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എംബസിയുമായി ബന്ധപ്പെടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാനില്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്കകമായിരുന്നു ഹിസ്ബുല്ല നേതാവും കൊല്ലപ്പെട്ടത്.

ലബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയത്. തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group