Join News @ Iritty Whats App Group

സുരേഷ് ഗോപിക്കെതിരെ എഐവൈഎഫ്, 'മാധ്യമ പ്രവർത്തകരെ പിടിച്ചു തള്ളിയതിന് പൊതുസമൂഹത്തോട് മാപ്പ് പറയണം'

തൃശൂർ: തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനായി അവരെ കയ്യേറ്റം ചെയ്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണഘടന ലംഘനമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. വിമർശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്. മുൻപ് തന്നോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകയോടുള്ള മോശം സമീപനത്തിന്റെ പേരിലും സുരേഷ് ഗോപി വിവാദം സൃഷ്ടിച്ചിരുന്നുവെന്ന് എ ഐ വൈ എഫ് ചൂണ്ടികാട്ടി.

മാധ്യമ പ്രവർത്തകരോടും വിമർശകരോടുമുള്ള സുരേഷ് ഗോപിയുടെ ശരീര ഭാഷയും പ്രതികരണങ്ങളും അങ്ങേയറ്റം ധാര്‍ഷ്ട്യം നിറഞ്ഞതും അക്രമോത്സുകവുമാണെന്നും സംഭവത്തിൽ സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോടും പൊതു സമൂഹത്തോടും മാപ്പ് പറയണമെന്നും എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

നേരത്തെ തൃശൂരിലെ രാമനിലയത്തിൽ പ്രതികരണം ചോ​ദിച്ച മാധ്യമങ്ങളോടാണ് സുരേഷ് ​ഗോപി തട്ടിക്കയറിയതും മോശമായി പെരുമാറിയതും. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു സുരേഷ് ​ഗോപി. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടായിരുന്നു പ്രകോപനം. രാവിലെ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണവും വിവാദമായിരുന്നു. വലിയ സംവിധാനത്തെ തകർക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ​ഗോപി ആദ്യം പ്രതികരിച്ചത്. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം. പരാതികൾ ആരോപണത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കോടതി തീരുമാനിക്കും. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല, സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകയാണ് മാധ്യമങ്ങൾ. സർക്കാർ കോടതിയിൽ ചെന്നാൽ കോടതി എടുക്കും, എടുത്തോട്ടെയെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് രാമനിലയിത്തിലെ സംഭവം.

Post a Comment

أحدث أقدم
Join Our Whats App Group