Join News @ Iritty Whats App Group

ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുമ്പില്‍ ഹാജരായവരില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളും

തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിക്കു മുമ്പില്‍ ഹാജരായവരില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങളും. ഇരുവര്‍ക്കും പുറേമേ 'അമ്മ' ഭാരവാഹികളായിരുന്ന ഇടവേള ബാബു, ബാബുരാജ്, എം. മുകേഷ് എന്നിവരും കുഞ്ചാക്കോ ബോബനും കമ്മിറ്റിക്കു മുമ്പില്‍ എത്തിയെന്നാണ് വിവരം. കമ്മിറ്റി പരിഗണിച്ച വിഷയങ്ങളില്‍, ഇവര്‍ ചില വിവരങ്ങള്‍ കൈമാറി എന്നാണു സൂചന.

മലയാള ചലച്ചിത്ര രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചതായിരുന്നു ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി. നാലു വര്‍ഷം മുമ്പ് സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണു കമ്മിറ്റി റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവന്നത്.

അതിനിടെ, ഒരു പ്രമുഖ നടിയുടെ മൊഴിയില്‍ മറ്റു താല്‍പ്പര്യങ്ങള്‍ കാണുന്ന ഹേമ കമ്മിറ്റി, മൊഴി പറയാന്‍ എത്തിയ മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ വിശദീകരിക്കാത്തത് എന്തെന്ന ചോദ്യം ചര്‍ച്ചയാകുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരാണ് ഇക്കാര്യം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായിരുന്നു കമ്മിറ്റിയെങ്കില്‍ സിനിമാ മേഖലയിലെ എല്ലാ സംഘടനകളിലെയും സ്ത്രീകളില്‍നിന്നു വിവരങ്ങള്‍ ആരായണമായിരുന്നു എന്ന അഭിപ്രായവും സജീവമാണ്.

സിനിമാ താരങ്ങളുടെ ഏറ്റവും വലിയ സംഘടന 'അമ്മ'യാണ്. ഇൗ സംഘടനയിലാണ് മഹാഭൂരിപക്ഷം വരുന്ന നടിമാരുമുള്ളത്. 'അമ്മ'യിലെ അംഗങ്ങളുടെ അഭിപ്രായം കമ്മിറ്റി തേടിയില്ലെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങള്‍ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോര്‍ട്ട് കൈമാറണമെന്ന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മൊഴിപ്പകര്‍പ്പുകളും അതിന്റെ അനുബന്ധവും ഇതുവരെ പുറത്തുവന്നിട്ടില്ല. അതു തല്‍കാലം സര്‍ക്കാര്‍ പുറത്തുവിടില്ല.

Post a Comment

أحدث أقدم
Join Our Whats App Group