Join News @ Iritty Whats App Group

വയനാട് ദൗത്യം ആറാം നാൾ; ആറ് സംഘങ്ങളായി തിരച്ചിൽ, മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന


വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ദൗത്യം ആറാം നാൾ. ആറ് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് തിരച്ചിൽ നടക്കുക. 1264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തുക. 30 – 40 അംഗങ്ങളായിരിക്കും ഒരു സംഘത്തിൽ ഉണ്ടാവുക. അതേസമയം മൃതദേഹങ്ങൾ കണ്ടെത്താൻ റഡാർ പരിശോധന നടത്തും.

മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. വയനാട്ടിലെ ഉരുൾപൊട്ടിയ മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ നടത്തുക. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കുമെന്നും മന്ത്രിസഭാ ഉപസമിതി അറിയിച്ചു.

അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രാഫി ഫോൾഡറും മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു. അതേസമയം ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കുമെന്നും ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്നും ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തുമെന്നും സമിതി അറിയിച്ചു. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തിരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുത്.

അതിനിടെ തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളിൽ സംസ്‌കാരം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും എതിർപ്പ് ഉയർന്നിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡ് ഭൂമി നൽകാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. അതേസമയം ദുരന്തസ്ഥലം സന്ദർശിക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് ചൂരൽ മലയിലെത്തും.

Post a Comment

أحدث أقدم
Join Our Whats App Group