താജ്മഹലിനുള്ളിലും പരിസര പ്രദേശങ്ങളിലും ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് ഗംഗാ ജലം തളിച്ച യുവാക്കൾ അറസ്റ്റിൽ. സംഭവത്തിൽ രണ്ട് പേരെയാണ് ആഗ്ര പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരുവരും തങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് പ്രാദേശിക തീവ്ര ഹിന്ദു വലതുപക്ഷ സംഘടനയും രംഗത്തെത്തി.
ഇരുവരും സഞ്ചാരികളെന്ന വ്യാജേനയാണ് താജ് മഹലിൽ എത്തിയത്. എന്നാൽ ഉള്ളിൽ കടന്നതിന് ശേഷം ഇവർ കൈയിൽ കരുതിയ വെള്ളം താജ്മഹലിന് അകത്തും പരിസര പ്രദേശങ്ങളിലും തളിക്കുകയായിരുന്നു.
ചരിത്രസ്മാരകമായ താജ് മഹലിനുള്ളില്‍ സുരക്ഷയ്ക്കായി നിയോഗിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് ആഗ്ര ഡെപ്യൂട്ടി കമ്മിഷണര്‍ സൂരജ് കുമാര്‍ റായ് വ്യക്തമാക്കി.
ഷാജഹാൻ്റെയും മുംതാസ് മഹലിൻ്റെയും യഥാർഥ ശവകുടീരങ്ങൾ ഉള്ള താജ്മഹലിൻ്റെ ബേസ്മെൻ്റിലേക്ക് നയിക്കുന്ന അടച്ച ഗോവണിയിൽ പ്രതികളിലൊരാൾ പ്ലാസ്റ്റിക് കുപ്പിയിൽ നിന്ന് വെള്ളം ഒഴിക്കുന്ന വീഡിയോയും പുറത്തുവന്നു. താജ്മഹൽ ഒരു സ്മാരകമല്ല, മറിച്ച് ഒരു ശിവക്ഷേത്രമാണെന്നും ഇവർ വാദിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ ഇരുവരും തങ്ങളുടെ സംഘടനയിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് പ്രാദേശിക വലതുപക്ഷ ഹിന്ദു സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. താജ്മഹല്‍ ഒരു ഹിന്ദു ക്ഷേത്രമാണെന്നും അതിനാല്‍ ഗംഗാജലം തളിക്കുകയാണ് ചെയ്തതെന്നുമാണ് ഹിന്ദു സംഘടനയായ അഖില ഭാരത് ഹിന്ദു മഹാസഭ (എബിഎച്ച്എം) അവകാശപ്പെടുന്നത്.
താജ്മഹല്‍ ‘തേജോ മഹാലെ’ എന്ന ഹിന്ദു ക്ഷേത്രമാണെന്നാണ് വാദം. ഭാരതീയ ന്യായ സൻഹിതയിലെ സെക്ഷന്‍ 299, (മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തി) അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
إرسال تعليق