കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായമായ 10,000 രൂപയിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ കളക്ടറും കേരള ഗ്രാമീൺ ബാങ്ക് ചൂരൽമല ബ്രാഞ്ച് മാനേജരും ഇക്കാര്യം പരിശോധിച്ച് ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും
ബാങ്കിന്റെ ചൂരൽമല ശാഖയിൽ നിന്നും വായ്പയെടുത്തവരിൽ നിന്നാണ് പ്രതിമാസ തിരിച്ചടവ് ഈടാക്കിയതെന്നാണ് പരാതി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10 പേരാണ് ബാങ്കിനെതിരെ രംഗത്തെത്തിയത്. സർക്കാർ ധനസഹായം ബാങ്കിലെത്തിയതിന് പിന്നാലെയാണ് ബാങ്ക് വായ്പ തിരിച്ചു പിടിച്ചത്. വയനാട്ടിലെ ദുരന്തബാധിതരിൽ നിന്ന് ബാങ്ക് വായ്പ തിരിച്ചടവ് ഉടൻ ഉണ്ടാകില്ലെന്ന സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യുടെയും(SLBC) സർക്കാരിന്‍റെയും ഉറപ്പ് പാഴ് വാക്കായി ചൂരൽമലയിലെ കേരള ഗ്രാമീണ ബാങ്കിൽ നിന്ന് വായ്പ എടുത്തവരിൽ നിന്ന് ഇഎംഐ പിടിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
ദുരിതബാധിതരിൽ നിന്നും ഇഎംഐ പിടിച്ചത് വിവാദമായതോടെ വായ്പാ ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്ക് പണം തിരികെ നൽകിയിരുന്നു. ദുരിതബാധിതരിൽ നിന്നും ഇ എംഐ പിടിച്ചത് സാങ്കേതിക പിഴവ് മൂലമാണെന്നാണ് കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയ ഭാസ്കർ ഏഷ്യാനെറ്റ് ന്യൂസിനോട് ദില്ലിയിൽ പ്രതികരിച്ചത്. 'മൂന്ന് പേരുടെ കാര്യത്തിൽ മാത്രമാണ് പിഴവ് സംഭവിച്ചത്. പണം ഉടൻ തന്നെ റീഫണ്ട് ചെയ്യാൻ നിർദേശിച്ചു. വിലങ്ങാടെ ദുരിതബാധിതനിൽ നിന്നും പണം പിടിച്ചതും പരിശോധിക്കും. പിഴവ് സംഭവിച്ചെങ്കിൽ തിരുത്തും. വായ്പകൾ എഴുതിത്തള്ളുന്ന കാര്യം പരിശോധിക്കുമെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റേയും റഗുലേറ്റർ ബോഡിയുടെയും നിർദേശങ്ങൾ പാലിക്കുമെന്നും ബാങ്ക് ചെയർപേഴ്സൺ വിമല വിജയഭാസ്കർ വിശദീകരിച്ചു.
إرسال تعليق