കൊച്ചി: തന്നോട് അതിക്രമം കാണിച്ച എല്ലാവർക്കുമെതിരെ നിയമപരമായി നീങ്ങുമെന്ന് മിനു മുനീർ. അന്വേഷണ സംഘം ഫോണിൽ സംസാരിച്ചിരുന്നു. വിശദമായ മൊഴിയെടുക്കാൻ അവർ സമയം തേടിയിട്ടുണ്ട്. ആരോപണവിധേയർ വെളിപ്പെടുത്തൽ നിഷേധിക്കാത്തത് താൻ പറയുന്നത് സത്യമായത് കൊണ്ടാണെന്നും മിനു പറഞ്ഞു.
പരാതി ഇതിനകം എഴുതിയിട്ടുണ്ടെന്ന് മിനു പറഞ്ഞു. ഹേമ കമ്മീഷൻ മൊഴിയെടുക്കുന്ന സമയത്ത് താൻ ഇവിടെയില്ലായിരുന്നു. റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ആത്മവിശ്വാസം നൽകി. ഏതെങ്കിലും സ്ത്രീകൾ ആക്രമിക്കപ്പെട്ടുവെങ്കിൽ ധൈര്യമായി മുന്നോട്ടുവന്ന് പരാതി പറയാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ കേട്ടപ്പോൾ ആത്മവിശ്വാസം തോന്നിയെന്നും മിനു പറഞ്ഞു.
വെളിപ്പെടുത്തലിന് ശേഷം എന്തെങ്കിലും സമ്മർദമുണ്ടായോ എന്ന ചോദ്യത്തിന് മിനുവിന്‍റെ മറുപടിയിങ്ങനെ- "ഇന്നലത്തെ വെളിപ്പെടുത്തലിന് ശേഷം കുറേ മിസ് കോളുകൾ വന്നു. അറിയാത്ത നമ്പറുകളാണ്. ഇതുവരെ കോളെടുത്തിട്ടില്ല. സമ്മർദ്ദമൊന്നുമുണ്ടാവാൻ സാധ്യതയില്ല. എനിക്ക് നേരെ ആക്രമണമുണ്ടായത് എല്ലാവരും അറിയാൻ തന്നെയാണ് ഫേസ് ബുക്കിലിട്ടത്. കേസ് എന്തായെന്ന് ഇനി നിങ്ങൾ മാധ്യമങ്ങൾ തന്നെ ചോദിക്കും. എനിക്ക് നീതി കിട്ടണം. അവസാനം സത്യമേ ജയിക്കൂ. എത്രനാൾ സത്യം മൂടിവെയ്ക്കാൻ കഴിയും?മുകേഷായാലും ജയസൂര്യയായാലും താൻ ചെയ്തില്ല എന്ന് അവർക്ക് എന്‍റെ മുന്നിൽ വന്ന് പറയാൻ കഴിയില്ല. പറഞ്ഞത് സത്യമായതുകൊണ്ടാണ് ഞാൻ ആർജ്ജവത്തോടെ നിൽക്കുന്നത്. ജനങ്ങളെന്ത് പറയുന്നുവെന്ന് കാര്യമാക്കുന്നില്ല. കോടതിയിലാണ് നീതി കിട്ടേണ്ടത്"
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും 2 പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയുമാണ് മിനു പരാതി നൽകുക. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ സെറ്റിലായിരുന്നു ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായത്. അപ്രതീക്ഷിതമായി പിന്നിൽനിന്ന് കെട്ടിപ്പിടിച്ചശേഷമാണ് ശാരീരികമായി ജയസൂര്യ ഉപദ്രവിച്ചതെന്ന് മിനു മുനീർ പറഞ്ഞു. കലണ്ടർ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചത്. താൻ എതിർത്തതി്‍റെ പേരിൽ അമ്മയിലെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളി. മണിയൻപിള്ള രാജുവും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചു. മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം അനുഭവത്തെപ്പറ്റി അന്നുതന്നെ ഒപ്പമുണ്ടായിരുന്ന നടി ഗായത്രി വർഷയോട് വെളിപ്പെടുത്തിയിരുന്നെന്നും മിനു മുനീർ പറഞ്ഞു. മിനു പറഞ്ഞിരുന്നുവെന്ന് ഗായത്രി സ്ഥിരീകരിച്ചു.
إرسال تعليق