Join News @ Iritty Whats App Group

ഇന്ത്യന്‍ ഉപ്പ്, പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലെന്ന് പഠനം

പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ദോഷവശങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ ഇതിനകം വന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മഴ മേഘങ്ങളിലും സമുദ്രാന്തര്‍ഭാഗങ്ങളിലും മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഏറ്റവും ഒടുവിലായി ഉപ്പ്, പഞ്ചസാര തുടങ്ങിയവയുടെ ഇന്ത്യന്‍ ബ്രാന്‍ഡുകളിലും മൈക്രോപ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ന്യൂ ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോക്സിക് ലിങ്ക് എന്ന എന്‍ജിഒ നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ നിരവധി പഞ്ചസാര, ഉപ്പ് ബ്രാൻഡുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റികിന്‍റെ (എംപി) അളവ് വളരെ കൂടുതലാണെന്ന് കണ്ടെത്തി. 

ഇന്ത്യന്‍ ബ്രാന്‍ഡുകളായ ഉപ്പ്, പഞ്ചസാര എന്നിവയുടെ സാമ്പിളുകളിൽ അടങ്ങിയിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്സിന്‍റെ തരം, ആകൃതി, വലിപ്പം, നിറങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ പഠനമാണ് കഴിഞ്ഞ ചൊവ്വാഴ്ച പുറത്ത് വന്നത്. അഞ്ച് മില്ലിമീറ്റർ മുതൽ ഒരു മൈക്രോമീറ്റർ വരെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക് എന്ന് അറിയപ്പെടുന്നത്. കാലപ്പഴക്കം കൊണ്ടും പല ഉപയോഗങ്ങളിലൂടെ കടന്ന് പോകുമ്പോഴും വലിയ പ്ളാസ്റ്റിക് കഷണങ്ങൾ ദ്രവിച്ച് ചെറിയ കഷണങ്ങളായി വിഘടിക്കുന്നു. ഇത്തരത്തില്‍ വിഘടിക്കുന്ന പ്ലാസ്റ്റിക് കണങ്ങള്‍ വെള്ളത്തിലും മണ്ണിലും വായുവിലും ചേരുന്നു. ഇവ പിന്നീട് പലപ്പോഴായി മഴ മേഘങ്ങളിലും ഭക്ഷ്യവസ്തുക്കളിലേക്കും എത്തുകയാണ് ചെയ്യുന്നത്. 

ഉപ്പ്, പഞ്ചസാര എന്നിവയുടെ ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ നിന്നും നാരുകൾ, ഉരുളകൾ, ഫിലിമുകൾ, ശകലങ്ങൾ തുടങ്ങി മൈക്രോപ്ലാസ്റ്റിക്സിന്‍റെ വിവിധ രൂപങ്ങൾ ഗവേഷണകര്‍ കണ്ടെത്തി. ഇത്തരം മൈക്രോപ്ലാസ്റ്റിക്സിന്‍റെ വലിപ്പം 0.1 മില്ലിമീറ്റർ മുതൽ 5 മില്ലിമീറ്റർ വരെയാണ്. കണ്ടെത്തലുകളിൽ, അയോഡൈസ്ഡ് ഉപ്പില്‍ മൈക്രോപ്ലാസ്റ്റിക്കിന്‍റെ അംശം കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ഒരു കിലോഗ്രാമിൽ നിന്നും ഏതാണ്ട് 89.15 മൈക്രോപ്ലാസ്റ്റിക്സ് കഷണങ്ങളാണ് കണ്ടെത്തിയത്. ഇവ പ്രധാനായും വിവിധ നിറങ്ങളിലുള്ള നേർത്ത നാരുകളുടെയും ഫിലിമുകളുടെയും രൂപത്തിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

അതേസമയം ഓർഗാനിക് റോക്ക് ഉപ്പില്‍ ഒരു കിലോഗ്രാമിന് 6.70 കഷണങ്ങൾ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നും പഠനം അവകാശപ്പെട്ടു. പഞ്ചസാരയില്‍ ഒരു കിലോഗ്രാമില്‍ 11.85 മുതൽ 68.25 വരെ മൈക്രോപ്ലാസ്റ്റിക്‌ കണങ്ങളാണ് കണ്ടെത്തിയത്. മൈക്രോപ്ലാസ്റ്റിക്കുകളും അതിലും ചെറിയ നാനോ പ്ലാസ്റ്റിക്കുകളും മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിദിനം വലിയൊരു അളവിൽ ഉപ്പും പഞ്ചസാരയും കഴിക്കുന്നുണ്ട്. ഇതിനാല്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ മൈക്രോപ്ലാസ്റ്റിക് മലിനീകരണം പരിഹരിക്കേണ്ടതിന്‍റെ പ്രാധാന്യം പഠനം അടിവരയിടുന്നു.

Post a Comment

أحدث أقدم
Join Our Whats App Group