Join News @ Iritty Whats App Group

ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം: കുഞ്ഞിനെ കാമുകന് കൈമാറിയത് സൺഷെയ്‌ഡിലൂടെ; പ്രതികളെ പൂച്ചാക്കലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും

ആലപ്പുഴ ചേർത്തലയിൽ കുഞ്ഞിനെ കുഴിച്ച് മൂടിയ കേസിൽ റിമാൻഡിലായിരുന്ന രണ്ടുപ്രതികളെ പൊലീസ് കാസ്റ്റഡിയിൽ വാങ്ങി. രണ്ടാംപ്രതി തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്തും മൂന്നാംപ്രതിയുമായ തകഴി കുന്നുമ്മ ജോസഫ് ഭവനിൽ അശോക് ജോസഫ് (30) എന്നിവരെയാണ് തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയത്.

പൂച്ചാക്കൽ പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ പൂച്ചാക്കൽ സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്‌തു. പ്രതികളെ അടുത്തദിവസം ഡോണയുടെ പൂച്ചാക്കലിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോൺവിളികളും ചാറ്റ് രേഖകളും പരിശോധിക്കും.

ജനിച്ചസമയത്ത് കുഞ്ഞ് കരഞ്ഞിരുന്നെന്നാണ് ആശുപത്രിയിലെ ഡോക്ട‌ർമാരോട് ഡോണ പറഞ്ഞത്. എന്നാൽ, കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ ജീവനുണ്ടായിരുന്നില്ലെന്നാണ് തോമസ് ജോസഫ് മൊഴി നൽകിയത്. കുഞ്ഞിൻ്റെ മരണം കൊലപാതകമാണോയെന്നറിയാൻ മൃതദേഹത്തിൻ്റെ രാസപരിശോധനാഫലം വരണം.

പാണാവള്ളി പഞ്ചായത്ത് 13-ാം വാർഡ് ആനമൂട്ടിൽച്ചിറ ഡോണാ ജോജി(22)യുടെ കുഞ്ഞിനെയാണ് തകഴി കുന്നുമ്മ കൊല്ലനാടി പാടശേഖരത്തിൻ്റെ പുറംബണ്ടിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. തോമസ് ജോസഫിൻ്റെ കാമുകിയും കേസിൽ ഒന്നാംപ്രതിയുമായ ഡോണ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം രണ്ടാംനിലയിലെ സൺഷെയ്‌ഡിലൂടെയാണ് കുഞ്ഞിനെ ഡോണ കാമുകനായ തോമസിന് കൈമാറിയത്. കുഞ്ഞിനെ കൊണ്ടുപോകാൻ തോമസ് ജോസഫും അശോക് ജോസഫും രാത്രിയിൽ ഡോണയുടെ വീട്ടിലെത്തിയത് ബൈക്കിലായിരുന്നു. കാനഡയിൽ ജോലിക്കുപോകാനുള്ള ശ്രമത്തിലായിരുന്നു തോമസ് ജോസഫും ഡോണാ ജോജിയും. ഇതുമൂലമാണോ ഗർഭധാരണം മറച്ചുവെച്ചതെന്നതിനും വ്യക്തതയില്ല. മാസമെത്തിയശേഷമാണ് ഡോണ പ്രസവിച്ചതെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി.

ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്നാണ് യുവതിയുടെ മൊഴി. പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിൻ്റെ മൊഴി. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് യുവാവുമായി യുവതി അടുക്കുന്നത്.
ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. യുവതി പറഞ്ഞതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group