ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ബുച്ച് വിൽമറും ഇന്ത്യൻ വംശജ സുനിത വില്യംസും ഭൂമിയിൽ മടങ്ങിയെത്താൻ അടുത്തവർഷം ഫെബ്രുവരി വരെ കാത്തിരിക്കണം. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ പോയ ഇരുവരെയും സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും മടക്കിയെത്തിക്കുകയെന്ന് യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ മേധാവി ബിൽ നെൽസൺ അറിയിച്ചു.
ബോയിംഗ് കന്പനി വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയ ആദ്യ യാത്രയിലാണ് സുനിതയും വിൽമറും ജൂൺ അഞ്ചിനു ബഹിരാകാശ സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തെ ദൗത്യമാണ് ഉദ്ദേശിച്ചതെങ്കിലും സ്റ്റാർലൈനർ പേടകത്തിനു തകരാറുണ്ടായതോടെ ഇരുവരും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു.
ബോയിംഗും നാസയും മാസങ്ങൾ പരിശ്രമിച്ചിട്ടും തകരാർ പരിഹരിക്കാനായിട്ടില്ല. ആളില്ലാതെ പേടകത്തെ ഭൂമിയിൽ തിരിച്ചെത്തിക്കാനാണു തീരുമാനം. സുനിതയെയും വിൽമറിനെയും സ്പേസ് എക്സ് കന്പനിയുടെ പേടകത്തിൽ ഫെബ്രുവരിയിലും മടക്കിയെത്തിക്കും.
നാസ ബഹിരാകാശ ദൗത്യങ്ങൾക്കായി ബോയിംഗുമായും സ്പേസ് എക്സുമായും കരാറുണ്ടാക്കിയിട്ടുണ്ട്. സ്പേസ് എക്സ് ഒന്പതു തവണ മനുഷ്യനെ ബഹിരാകാശ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്.
إرسال تعليق