ചെക്ക് വാഹന ബ്രാൻഡായ സ്കോഡ കമ്പനി പുറത്തിറക്കുന്ന പുതിയ എസ്‍യുവിക്ക് മലയാളി നിർദേശിച്ച പേര്. കാസർകോട് സ്വദേശിയായ മുഹമ്മദ് സിയാദാണ് സ്കോഡയുടെ പേരിടൽ മത്സരത്തിൽ ജേതാവായത്. ഇദ്ദേഹം നിർദ്ദേശിച്ച കൈലാഖ് എന്ന പേരാണ് കമ്പനി തിരഞ്ഞെടുത്തത്. രണ്ട് ലക്ഷത്തിൽ അധികം ആളുകൾ നിർദ്ദേശിച്ച പേരുകളിൽ നിന്നാണ് കമ്പനി ഈ പേര് തെരഞ്ഞെടുത്തത്. ഈ എസ്‍യുവിയുടെ ആദ്യ യൂണിറ്റ് ആണ് സിയാദിന് സമ്മാനമായി ലഭിക്കുക.
കാസർകോട് നായന്മാർമൂല സ്വദേശിയാണ് ഖുറാൻ പഠിപ്പിക്കുന്ന അധ്യാപകൻ കൂടിയായ മുഹമ്മദ് സിയാദ്. സ്‍കോഡയുടെ വെബ്സൈറ്റ് വഴിയാണ് ഈ മത്സരത്തിൽ താൻ പങ്കെടുത്തതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെ എന്ന അക്ഷരത്തിൽ തുടങ്ങി ക്യു എന്ന അക്ഷരത്തിൽ അവസാനിക്കണം പേര് എന്നതായിരുന്നു സ്‍കോഡയുടെ റൂൾ എന്ന് മുഹമ്മദ് സിയാദ് പറയുന്നു. കമ്പനിയിൽ നിന്നും വിളിച്ചപ്പോഴാണ് താൻ നിർദ്ദേശിച്ച പേരാണ് തിരഞ്ഞെടുത്തത് എന്ന് അറിയുന്നതെന്നും മുഹമ്മദ് സിയാദ് പറയുന്നു.
ഫെബ്രുവരയിലാണ് പുതിയ എസ്‍യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം അഞ്ച് പേരുകൾ കമ്പനി ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തു. ക്വിക്ക്, കൈലാക്ക്, കോസ്മിക്, ക്ലിക്, കയാക്ക് എന്നിവയായിരുന്നു അവ. എസ്‌യുവിയുടെ പേര് കെയിൽ ആരംഭിച്ച് ക്യുവിൽ അവസാനിക്കണം തുടങ്ങിയ ചില നിബന്ധനകൾ മത്സരത്തിലുണ്ടായിരുന്നു, ഇത് കുഷാക്ക്, കൊഡിയാക് തുടങ്ങിയ എസ്‌യുവികൾക്ക് സ്കോഡ പിന്തുടരുന്ന ഒരു രീതിയാണ്.
ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള സ്കോഡയുടെ മൂന്നാമത്തെ കാറാണ് കൈലാക്ക്. 2025 ഫെബ്രുവരിയോടെ കൈലാക്ക് ഷോറൂമുകളിൽ എത്തുമെന്ന് സ്‍കോഡ ഇന്ത്യ കഴിഞ്ഞദിവസം അറിയിച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഉത്പാദനം തുടങ്ങിയേക്കും. 2025 ജനുവരി രണ്ടാം വാരത്തിൽ ഷെഡ്യൂൾ ചെയ്യുന്ന 2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ സ്‌കോഡ കൈലാക്കിൻ്റെ വില പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
113 ബിഎച്ച്പിയും 175 എൻഎമ്മും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ വാഗ്ദാനം ചെയ്യുന്നു. ആറ് സ്പീഡ് എംടി അല്ലെങ്കിൽ ആറ് സ്പീഡ് എടിയിൽ ഈ എഞ്ചിൻ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. കാർ അതിൻ്റെ ലുക്കിൽ ഭൂരിഭാഗവും കുഷാക്കുമായി പങ്കിടുന്നു. സെഗ്‌മെൻ്റിൽ ഇതൊരു പ്രീമിയം ഓഫറാക്കി മാറ്റാൻ ക്യാബിൻ, ഫീച്ചർ ലിസ്റ്റിൻ്റെ ഭൂരിഭാഗവും മാറ്റമില്ലാതെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായ് വെന്യു , കിയ സോനെറ്റ് , മാരുതി ഫ്രോങ്ക്സ് , മാരുതി ബ്രെസ , ടൊയോട്ട ടെയ്‌സർ, മഹീന്ദ്ര XUV 3XO തുടങ്ങിയ കാറുകളുമായിട്ടായിരിക്കും സ്കോഡ കൈലൈക്ക് വിപണിയിൽ മത്സരിക്കുക.
അതേസമയം ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിലുള്ള കുഷാഖ് എസ്‌യുവി 2021 ജൂലൈയിലും സ്ലാവിയ സെഡാൻ 2022 മാർച്ചിലും ഇന്ത്യയിലുമാണ് ലോകമെമ്പാടും അരങ്ങേറിയത്. അതിനുശേഷം ഈ രണ്ട് കാറുകളും സ്കോഡ ഓട്ടോ ഇന്ത്യയെ അതിൻ്റെ ഏറ്റവും വലിയ വിൽപ്പന വർഷത്തിന് സാക്ഷ്യം വഹിക്കുകയും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വിൽപ്പന നാഴികക്കല്ല് താണ്ടുകയും ചെയ്തെന്ന് കമ്പനി പറയുന്നു. ഈ കാറുകളുടെ 100,000-ത്തിലധികം യൂണിറ്റുകൾ വിറ്റെന്നാണ് സ്‍കോഡ പറയുന്നത്.
إرسال تعليق