പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐടിആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31 വരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. ഫയൽ ചെയ്തവർക്ക് പലർക്കും ഇതിനകം റീഫണ്ട് ലഭിച്ചിട്ടുണ്ടാകും. ആദായ നികുതി റീഫണ്ടിൻ്റെ പേരിൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഐടിആർ ഫയൽ ചെയ്തവർ ജാഗ്രത പാലിക്കണമെന്ന് നികുതിദായകർക്ക് ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
രാജ്യത്തുടനീളം ഏഴ് കോടിയിലധികം ആളുകൾ ഐടിആറിനായി ഫയൽ ചെയ്തിട്ടുണ്ട്. ആദായനികുതി റീഫണ്ടുകളെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആദായ നികുതി വകുപ്പ് പറയുന്നു. തട്ടിപ്പുകാർ ഹൈടെക് മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കൾക്ക് വ്യാജ ആദായനികുതി റീഫണ്ട് സന്ദേശങ്ങൾ അയച്ച് പണം തട്ടിയെടുക്കുകയാണ് ഇവർ ചെയ്യുന്നത്.
തട്ടിപ്പ് നടത്തുന്ന രീതി
തട്ടിപ്പുകാർ ഉപയോക്താക്കൾക്ക് ഒരു ലിങ്ക് അയയ്ക്കുകയും ആ ലിങ്കിൽ ക്ലിക് ചെയ്താൽ ആദായ നികുതി റീഫണ്ട് ലഭിക്കുമെന്നുള്ള വ്യാജ സന്ദേശം അയക്കുന്നു. ഉപഭോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്താലുടൻ അവരുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. വ്യാജ സന്ദേശങ്ങൾ സംബന്ധിച്ച് നികുതിദായകർക്ക് ആദായ നികുതി വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആദായനികുതി റീഫണ്ട് എന്ന് അവകാശപ്പെടുന്ന ഒരു ലിങ്കും തുറക്കുകയോ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് ആദായ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ, ഒടിപി, പാൻ കാർഡ് വിവരങ്ങളും മറ്റ് അനുബന്ധ വിശദാംശങ്ങളും ഫോണിലൂടെ പങ്കിടരുതെന്നും ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐടിആർ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് സൈബർ സെൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ ക്രൈം പോലീസ് പറയുന്നതനുസരിച്ച്, ഇത് ഒരു പുതിയ തട്ടിപ്പ് തന്ത്രമാണ്. ഇക്കാര്യം സുഹൃത്തുക്കളെയും പരിചയക്കാരെയും അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
إرسال تعليق