മേപ്പാടി: അടുത്തകുടുംബക്കാരായ 14 പേരെ നഷ്ടമായതിന്റെ വേദനയിലാണ് മുഹമ്മദാലി മേപ്പാടി സിഎച്ച്സിക്ക് മുന്നില്‍ നില്‍ക്കുന്നത്. 14 പേരില്‍ ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ട്. 14 പേർ എന്ന് പറയുന്നത് അടുത്ത കുടുംബക്കാർ മാത്രമാണ്. മുണ്ടക്കൈ ഭാഗത്ത് ഞങ്ങളുടെ നിരവധി ബന്ധുക്കളുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ മുപ്പതിലേറെപ്പേർ ദുരന്തത്തിന് ഇരയായിട്ടുണ്ടെന്നും മുഹമ്മദാലി വ്യക്തമാക്കി.
വാപ്പാന്റെ അനിയന്റെ ഭാര്യ, അവരുടെ മകള്‍, മകന്‍ കൊച്ചുമകള്‍ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. മറ്റൊരു ബന്ധുവിന്റെ മൃതദേഹം ലഭിച്ചെങ്കിലും അതിന്റെ തിരിച്ചറിയല്‍ പൂർത്തിയാകാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പുഞ്ചിരിമട്ടത്ത് ഏറ്റവും ഉയർന്ന മേഖലയിലാണ് ഞങ്ങളുടെ വീട് സ്ഥിതി ചെയ്യുന്നത്. അതിന് മുകളില്‍ ഏതാനും ആദിവാസി കുടുംബങ്ങലും കഴിയുന്നുണ്ട്. മഴ ശക്തമാകുമ്പോള്‍ പലസംഘടനകളും വാഹനങ്ങളില്‍ അറിയിപ്പുമായി വരും. ക്യാമ്പിലേക്ക് മാറാന്‍ തയ്യാറാകുന്നവരെ അവർ തന്നെ പരമാവധി വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകും. അല്ലാത്തവർ അവരുടേതായ വാഹനങ്ങളിലും പോകും. ചിലരൊക്കെ ഇവിടെ തന്നെ തങ്ങി. ഇങ്ങനയൊക്കെ വരുമെന്ന് അവർ ഒരിക്കലും കരുതുന്നില്ലല്ലോയെന്നും മുഹമ്മദാലി ചോദിക്കുന്നു.
തലേദിവസം ഉച്ചയോടെ തന്നെ ബാപ്പായേയും ഉമ്മയോയും മേപ്പാടിയിലെ പെങ്ങളുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഒരു ജേഷ്ഠനും ഭാര്യയുമൊക്കെ പകല്‍ അവിടെ നിന്ന് ഇങ്ങോട്ട് വന്നിരുന്നു. എന്നാല്‍ വൈകുന്നേരും ഡ്രസ് എടുക്കാന്‍ വീണ്ടും അങ്ങോട്ട് പോയി. അപ്പോള്‍ മഴ ഉണ്ടായിരുന്നില്ല. എന്നാല്‍ രാവിലെ പോകാമെന്നും പറഞ്ഞ് അവിടെ തന്നെ നില്‍ക്കുകയായിരുന്നു. അങ്ങനെയാണ് അവർ അതില്‍പ്പെട്ടുപോകുന്നത്.
ബാപ്പയുടെ അനിയന്റെ മകന്റെ ഭാര്യ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉരുള്‍പ്പൊട്ടിയ സമയത്ത് മുകളിലത്തെ വീട്ടില്‍ താമസിക്കുന്ന മറ്റൊരു ബന്ധു കൈ വലിച്ച് കയറ്റുകയായിരുന്നു. ചെറിയ മോനും ഉണ്ടായിരുന്നെങ്കിലും അവനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കൈവിട്ട് പോകുന്നത് നോക്കിനില്‍ക്കേണ്ടി വന്ന വല്ലാത്ത ഒരു അവസ്ഥയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം,മുണ്ടക്കൈയിലും ചൂരല്‍മലയിലും ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇത് വരെ 189 മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 85 പുരുഷന്‍മാരും 76 സ്ത്രീകളും 27 കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഒരു മൃതദേഹത്തിന്റെ ആണ്‍-പെണ്‍ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 107 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
ശരീര ഭാഗങ്ങള്‍ ഉള്‍പ്പെടെ 279 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. 100 ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്. 225 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 96 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 129 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി .
إرسال تعليق