പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌ന ജെയിംസിന്റെ തിരോധാനകേസിൽ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ലോഡ്‌ജ് ഉടമ. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി വന്നതെന്നും ജസ്‌നയോ ജസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്നും ലോഡ്‌ജ് ഉടമ പറഞ്ഞു.
ക്രൈംബ്രാഞ്ചിന് മുന്നിലും താന്‍ ഇതേകാര്യമാണ് പറഞ്ഞതെന്നും ലോഡ്‌ജ് ഉടമ പറഞ്ഞു. മുൻപ് ജാതിപ്പേര് വിളിച്ചെന്നാരോപിച്ച് ജീവനക്കാരി തനിക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്നും ലോഡ്‌ജ് ഉടമ പറഞ്ഞു. പുതിയ ആരോപണങ്ങൾക്ക് പിന്നിൽ ഒരു വിവരാവകാശ പ്രവര്‍ത്തകനാണെന്നും ലോഡ്‌ജ് ഉടമ പറഞ്ഞു. താൻ കൊലക്കേസ് പ്രതിയാണെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിച്ചിട്ടുണ്ടെന്നും ഉടമ പറഞ്ഞു.
ജസ്‌ന എന്നു പറഞ്ഞയാള്‍ ഇവിടെ വന്നിട്ടില്ല. എന്റെ ഓര്‍മ്മയില്‍ ഇല്ല. നേരത്തെ അഞ്ചോ ആറോ ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷിച്ചിരുന്നു. അഞ്ച് ലക്ഷവും വീടും കൊടുത്തില്ലെങ്കില്‍ എന്നെ തീര്‍ക്കുമെന്നാണ് ആ സ്ത്രീ പറഞ്ഞത്. ലോഡ്ജില്‍ നിന്നും ഇറക്കിവിട്ടതിനാണ് എനിക്കെതിരെ തിരിഞ്ഞത്. അവരുടെ പെരുമാറ്റം ശരിയായിരുന്നില്ല. അതിനാലാണ് ഇറക്കി വിട്ടതെന്നും ഉടമ പറഞ്ഞു.
ജസ്‌നയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ഒരു ലോഡ്ജില്‍ ജസ്‌നയുമായി സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടിരുന്നതായാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. സ്വകാര്യ ചാനലിനോട് ആയിരുന്നു ജീവനക്കാരിയുടെ തുറന്നുപറച്ചില്‍. ജസ്‌നയുമായി സാമ്യമുണ്ടായിരുന്ന പെണ്‍കുട്ടിയ്‌ക്കൊപ്പം അജ്ഞാതനായ ഒരു യുവാവും ഉണ്ടായിരുന്നതായി ലോഡ്ജിലെ ജീവനക്കാരി കൂട്ടിച്ചേര്‍ത്തു. ഇവര്‍ ജോലി നോക്കിയിരുന്ന ലോഡ്ജിന് സമീപത്ത് നിന്നായിരുന്നു ജസ്‌നയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത്.
പത്രത്തിലെ ചിത്രം കണ്ടാണ് ജസ്‌നയെ തിരിച്ചറിഞ്ഞതെന്ന് ജീവനക്കാരി പറഞ്ഞു. രാവിലെ 11.30ഓടെയായിരുന്നു ജസ്‌നയോട് സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടത്. വെളുത്തു മെലിഞ്ഞ രൂപമായിരുന്നു. തലമുടിയില്‍ എന്തോ കെട്ടിയിരുന്നു. ടെസ്റ്റ് എഴുതാന്‍ പോവുകയാണെന്നും സുഹൃത്ത് വരാനുണ്ടെന്നുമാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. ഉച്ചയോടെ ഒരു യുവാവ് എത്തി. പിന്നാലെ നാല് മണി കഴിഞ്ഞ് ഇരുവരും ലോഡ്ജില്‍ നിന്ന് പോയി. പത്രത്തില്‍ ജസ്‌നയുടെ ചിത്രം കണ്ടതോടെ ലോഡ്ജ് ഉടമയോട് വിവരം പറഞ്ഞെങ്കിലും ഇതേ കുറിച്ച് ആരോടും ഒന്നും പറയരുതെന്ന നിര്‍ദ്ദേശമാണ് ലഭിച്ചതെന്ന് സ്ത്രീ പറയുന്നു. നേരത്തെ സിബിഐ ഏറ്റെടുത്ത കേസ് അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
إرسال تعليق