Join News @ Iritty Whats App Group

കാഫിർ സ്ക്രീൻഷോട്ട്: 'വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണം,മൊഴികളുടെ അടിസ്ഥാനത്തിൽ ചിലരെ ചോദ്യം ചെയ്തിട്ടില്ല'

കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിന് വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ് പരിഗണിച്ചത്. 

ഹർജിക്കാരൻ നൽകിയ പരാതിയിൽ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും സർക്കാർ മറുപടി നൽകി. ഇതിൻ്റെ ഫൊറൻസിക് പരിശോധന നടക്കുകയാണ്. അന്വേഷണത്തെ കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. അന്വേഷണം മികച്ച രീതിയിൽ പോകുന്നുവെന്നും സർക്കാർ മറുപടി നൽകി. വ്യാജരേഖ ചമയ്ക്കൽ വകുപ്പ് ചേർക്കണം എന്നുള്ള ഹർജിക്കാരന്റെ വാദം പരിശോധിക്കാൻ അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയ കോടതി ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും പറഞ്ഞു. കേസ് വീണ്ടും സെപ്റ്റംബർ ആറിലേക്ക് മാറ്റി. 

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് മുഹമ്മദ് ഖാസിമിന്‍റെ പേരിലുളള വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിച്ചത് ഇടതു സൈബർ വാട്സ് ആപ്, ഫേസ് ബുക് ഗ്രൂപ്പുകളിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കുറ്റാരോപിതനായ റിബേഷിനെ പിന്തുണക്കുന്ന നിലപാടാണ് ഡിവൈഎഫ്ഐ കൈക്കൊണ്ടത്. റിബേഷിൻ്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു പറഞ്ഞു. വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച നുണപ്രചാരണങ്ങൾക്കെതിരെ ബഹുജന പോരാട്ടം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷൈജു. 

സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു. റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്തപ്പെട്ട സംഘടനാ നേതാവ് എന്ന നിലയിൽ സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണ് റിബേഷ് ചെയ്തത്. സ്ക്രീൻ‌ഷോട്ട് സൃഷ്ടിച്ചത് റിബേഷല്ല. അതുകൊണ്ടാണ് പറക്കൽ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്. റിബേഷിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ നൽകും. ഏത് അന്വേഷണ ഏജൻസിയും അന്വേഷിക്കട്ടെ. റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും ഡിവൈഎഫ്ഐ തയ്യാറാണ്. റിബേഷാണ് പ്രതിയെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം ഡിവൈഎഫ്ഐ നൽകും. ശക്തമായ അന്വേഷണം നടന്നാൽ ഇതിനെല്ലാം പിന്നിൽ വ്യാജ പ്രസിഡൻ്റുമാർ ആണെന്ന് തെളിയുമെന്നും രാഹുൽ മാങ്കൂട്ടത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group