കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ ഇന്ന് സന്ദർശിക്കും. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച. കുടുംബത്തിൻ്റെ ആവശ്യ പ്രകാരം പലതവണ ഗംഗവലി പുഴയിൽ ഇറങ്ങി മൽപെ തെരച്ചിൽ നടത്തിയിരുന്നു. ലോറിയിൽ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ഒന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച പുഴയിൽ ഇറങ്ങിയ ഈശ്വർ മൽപെയ്ക്കും സംഘത്തിനും കാഴ്ച പരിധി പൂജ്യം ആയതിനാൽ തിരച്ചിൽ അവസാനിപ്പിക്കേണ്ടി വന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരാതെ തിരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുന്ന തിനിടെയാണ് അർജ്ജുൻ്റെ കുടുംബവുമായുള്ള ഇശ്വർ മൽപെയുടെ കൂടിക്കാഴ്ച.
ഗംഗാവലി പുഴയിൽ വെള്ളത്തിൻ്റെ ഒഴുക്ക് വർധിക്കുകയും കലങ്ങുകയും ചെയ്തതോടെ മുങ്ങിയുള്ള പരിശോധന ദുഷ്ക്കരമാണ്. പുഴയിൽ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനാൽ ഡ്രെഡ്ജ് ചെയ്യാതെ തെരച്ചിൽ സാധ്യമാകില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് ജില്ലാ ഭരണകൂടം ഗോവയിൽനിന്ന് ഡ്രെഡ്ജർ എത്തുന്നത് വരെ തെരച്ചിൽ നിർത്തിവെക്കാൻ തീരുമാനിച്ചത്
إرسال تعليق