ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതിതീവ്രമായി പടന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന.
ആഫ്രിക്കയിലെ എം പോക്സ് വ്യാപനം വലിയ ഭീഷണിയായതോടെയാണ് ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിനുതന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 15,000ത്തോളം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 461 മരണവും റിപ്പോർട്ട് ചെയ്തതായാണു കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണു കണക്ക്.
കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എം പോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ എറ്റവും ഉയർന്ന ജാഗ്രതാ നിർദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച്1 എൻ1, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവ വ്യാപിച്ചപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
2009 മുതൽ ഇതുവരെ ഏഴു തവണയാണ് ലോകാരോഗ്യസംഘടന ഇത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എം പോക്സിന്റെ കാര്യത്തിൽ ഇതു രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷവും എം പോക്സ് ഭീതിയുടെ സാഹചര്യത്തിൽ ഡബ്ല്യുഎച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പാക്കിസ്ഥാനിൽ മൂന്നു പേർക്ക് എം പോക്സ് സ്ഥിരീകരിച്ചു. അടുത്തനാളിൽ യുഎഇയിൽനിന്ന് എത്തിയവർക്കാണു രോഗം പിടിപെട്ടത്. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്വീഡനിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ യൂറോപ്പിലും അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശങ്ങളിൽനിന്ന് എത്തുന്നവരെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും കർശന പരിശോധനയ്ക്കു വിധേയമാക്കാൻ ചൈന തീരുമാനിച്ചു.
മങ്കി പോക്സ് എന്നതിന്റെ മറ്റൊരു പേരാണ് എം പോക്സ്. 1980ൽ ലോകമെന്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്കു സാദൃശ്യമുണ്ട്. വസൂരിക്കു സമാനമായ ശാരീരിക അവസ്ഥ രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പനി, തീവ്രമായ തലവേദന, നടുവേദന, പേശീവേദന, ഊർജക്കുറവ് എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്.
ഇതിനു പുറമെ കൈപ്പത്തി, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെടും.
കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്.
إرسال تعليق