Join News @ Iritty Whats App Group

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ; ഷിരൂർ ദേശീയപാതയിലൂടെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചു

അങ്കോള: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തിരച്ചിൽ നിലച്ചു. അര്ജുന് വേണ്ടി ഗംഗാവലി പുഴയിൽ നടത്തിവന്നിരുന്ന തിരച്ചിൽ കഴിഞ്ഞ രണ്ട് ദിവസമായി നിലച്ച രീതിയിലാണ്. തൃശൂർ കേരള കാർഷിക സർവകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തിയന്ത്രം എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാൽ ഈ കാര്യത്തിലെ തീരുമാനം സ്ഥിതിഗതികൾ പഠിച്ചശേഷം മാത്രമേ ഉണ്ടാവൂ എന്നാണ് ഇപ്പോഴത്തെ സൂചന. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കാർഷിക സർവകലാശാല സംഘം തൃശൂർ കളക്‌ടർക്ക് നൽകിയിരുന്നു. നിലവിൽ തൃശൂർ ജില്ലാ ഭരണകൂടത്തിന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.


ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ് എന്നാണ് വിവരം. അതിനിടെ അർജുന്റെ കുടുംബാംഗങ്ങൾ കഴിഞ്ഞ ദിവസം ഷിരൂരിൽ നിന്ന് മടങ്ങിയെങ്കിലും ഇന്ന് വീണ്ടും അവിടേക്ക് പോവുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ടിരുന്ന ദേശീയപാതയിലെ വാഹന ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുകയാണ് ഇപ്പോൾ. പതിനേഴ് ദിവസത്തിന് ശേഷം ഈ പാത വാഹനങ്ങൾക്ക് വേണ്ടി തുറന്നുകൊടുക്കുന്നത്. നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്നാണ് ദേശീയപാത 66ൽ ഗതാഗതം നിരോധിച്ചത്.

ജൂലൈ പതിനാറിന് ആയിരുന്നു മേഖലയിൽ അപകടം നടന്നത്. ശേഷം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണ് പാതയിലെ ഗതാഗതം നിരോധിച്ചത്. മണ്ണിടിച്ചിൽ അപകടമുണ്ടായ പ്രദേശത്തിന് ഏതാണ്ട് നാല് കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും ബാരിക്കേഡുകൾ വച്ചായിരുന്നു ഗതാഗതം തടഞ്ഞിരുന്നത്.

നിലവിൽ നിയന്ത്രണങ്ങളോടെയാണ് പാത തുറന്ന് കൊടുത്തിരിക്കുന്നത്. 20 കിലോമീറ്റർ വേഗതയിലാണ് ഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും ഉൾപ്പെടെ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുന്നിൽനിന്ന് വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൂടാതെ ഈ ഭാഗത്ത് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അവിടെ ഉണ്ടായ മണ്ണിടിച്ചിലിൽ ആ ഭാഗത്ത് പാർക്ക് ചെയ്‌ത വാഹനങ്ങളും പ്രവർത്തിച്ചിരുന്ന ഒരു ചായക്കടയും ഉൾപ്പെടെ പൂർണമായും നശിച്ചിരുന്നു. പുഴയിലേക്കാണ് ഇവയൊക്കെയും മണ്ണിനോടൊപ്പം പതിച്ചത്. ഈ സാഹചര്യത്തിലാണ് പാർക്കിംഗ് നിയന്ത്രണം.

ജൂലൈ 16 മുതലാണ് അർജുനെ കാണാതായത്. അർജുൻ അവസാനമായി സംസാരിച്ചത് മണ്ണിടിച്ചിലുണ്ടായ പ്രദേശത്തു നിന്നായിരുന്നു. ഇവിടെ നിന്നാണ് ലോറിയുടെ ജിപിഎസ് സിഗ്നൽ ലഭിച്ചതും. മണ്ണ് ഇടിഞ്ഞു വീഴുമ്പോൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നു എന്നായിരുന്നു ലഭ്യമായ വിവരം.

Post a Comment

أحدث أقدم
Join Our Whats App Group