തിരുവനന്തപുരം: മദ്യവും മയക്കുമരുന്നും ക്രിയേറ്റിവിറ്റി കൂട്ടുമെന്ന് വാദിച്ചാണ് സിനിമാ സെറ്റുകളിലെ വ്യാപക ലഹരി ഉപയോഗമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലഹരിയുടെ മറവിലാണ് പലപ്പോഴും ലൈംഗികാതിക്രമം അരങ്ങേറുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സംവിധായകൻ ഉപദ്രവിച്ചെന്ന് തുറന്ന് പറഞ്ഞ നടിയെ സഹപ്രവർത്തകർ നിശ്ശബ്ദരാക്കി. പുതിയകാലത്ത് സ്ത്രീകളുടെ വസ്ത്രധാരണം ശരിയല്ലെന്നാണ് കമ്മിറ്റി അംഗം നടി ശാരദയുടെ അഭിപ്രായം.
താരദൈവങ്ങളെ സൃഷ്ടിക്കാൻ പണം നൽകി ഫാൻസ് അസോസിയേഷനുകൾ ഉണ്ടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഓഡീഷനുകളിൽ, ഷൂട്ടിംഗ് ലൊക്കേഷനുകളിൽ, കിടപ്പുമുറികളിൽ,സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളിൽ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. അതിൽ പ്രധാന ട്രിഗറിംഗ് ഫാക്ടറുകളിലൊന്നായി പറയുന്നത് മദ്യവും മയക്കുമരുന്നുമാണ്.
സിനിമരംഗത്ത് ജോലിസ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് പതിവാണ്. മിക്ക താരങ്ങളും മദ്യപിച്ചാണ് ലൊക്കേഷനുകളിലെത്തുന്നത്. ചിലർ മയക്കുമരുന്ന് ഉപയോഗിച്ചെത്തും. ലഹരി ക്രിയേറ്റിവിറ്റി കൂട്ടുമെന്ന് പറഞ്ഞാണ് ഇതൊക്കെ നടക്കുന്നത്. എന്നാല്‍, ഈ ലഹരിയുടെ മറവിലാകും ലൈംഗികാതിക്രമം. ഇവരെ നിലക്കുനിർത്താൻ ആർക്കും കഴിയില്ല. സിനിമാ സെറ്റിൽ സംവിധായകൻ ലൈംഗികോപ്രദവം നടത്തിയതിനെ കുറിച്ച് ഹേമ കമ്മിറ്റിക്ക് മുമ്പാകെ തുറന്നുപറയുന്നുണ്ട് ഒരു നടി. സംവിധായകനെ എതിർത്ത് പുറത്തുവന്ന്, ലൊക്കേഷനിൽ സഹപ്രവർത്തകരോട് കാര്യം പറഞ്ഞപ്പോൾ, ആരും ഒന്നും പ്രതികരിച്ചില്ല.
ഒന്നും പുറത്തുപറയേണ്ടെന്നും സഹകരിച്ചേക്കെന്നുമായിരുന്നു സഹപ്രവർത്തകർ പിന്നെ നടിയോട് പറഞ്ഞത്. സിനിമ മുന്നോട്ട് പോവാൻ അങ്ങനെ ചെയ്യണമെന്നായിരുന്നു ന്യായം പുതുമുഖങ്ങളായെത്തുന്നവരാണ് ചതിക്കുഴികൾ പെടുന്നത്. ചതിയെന്ന് തിരിച്ചറിയുമ്പോഴേക്കും വൈകിപോകും. സൂപ്പർ സ്റ്റാറുകളുടെ മാർക്കറ്റ് വാല്യു പെരുപ്പിച്ച് കാട്ടാൻ ഫാൻസ് അസോസിയേഷനുകളുണ്ട്.
പണം കൊടുത്ത് പലരെയും അംഗങ്ങളാക്കും. ഈ ഫാൻസ് അസോസിയേഷനുകൾ മറ്റുള്ളവരെ താറടിച്ച് കാണിക്കും. പണ്ട് തിയേറ്ററുകളിൽ കൂവി തോൽപ്പിക്കുംയഇപ്പോൾ അത് സൈബർ ബുള്ളിയിംഗ്. ഈ സൂപ്പർ സ്റ്റാറുകളാണ് പിന്നെ നിർമാതാക്കാൾക്ക് പോലും സംവിധായകനെ കിട്ടണമോ, സിനിമ കിട്ടണമോ എന്ന് തീരുമാനിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ജോലിസ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും പൂർണമായി നിരോധിക്കണമെന്നാണ് ഹേമ കമ്മിറ്റി നിർദ്ദേശിക്കുന്നത്. തുല്യവേതനവും മെച്ചപ്പെട്ട വേതനവും വത്സകുമാരി നിർദ്ദേശിക്കുന്നു. എന്നാൽ, കമ്മിറ്റിയിലെ മൂന്നാം അംഗം നടി ശാരദ ഇതിനെ എതിർക്കുന്നു. സിനിമയിലെ ഹീറോ ആരാണെന്നാണ് ജനം ആദ്യം ചോദിക്കുക. അതുകൊണ്ട് തുല്യവേതനമെന്ന ആശയത്തോട് യോജിക്കുന്നില്ലെന്നാണ ശാരദയുടെ അഭിപ്രായം
إرسال تعليق