തിരുവനന്തപുരം : സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ വിചാരണക്കോടതി നരഹത്യാ കുറ്റം ചുമത്തി. കോടതിയില്‍ പ്രതിയെ നേരിട്ട് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. കുറ്റം ചെയ്തിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ശ്രീറാം പറഞ്ഞു. തുടര്‍ന്ന് പ്രതിയെ വിചാരണ ചെയ്യാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ ഉത്തരവിട്ടു.
പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദൃഷ്ട്യാലുള്ള തെളിവുകള്‍ ഉള്ളതായി കോടതി ചൂണ്ടിക്കാട്ടി. അതേ സമയം പ്രതിയുടെ
രക്തസാമ്പിള്‍ എടുക്കല്‍ വൈകിയതിനാല്‍, രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനാവാത്തതിനാല്‍, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ചെയ്തതിന് തെളിവില്ലാത്തതിനാല്‍ മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രതിക്ക് മേല്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ വേഗത്തിലാക്കാന്‍ വാദി (പ്രോസിക്യൂഷന്‍ ) ഭാഗത്തിനും പ്രതിഭാഗത്തിനും കൂടുതല്‍ തെളിവു രേഖകള്‍ ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ 6 നകം ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി.
വിചാരണ കൂടാതെ കുറ്റവിമുക്തനാക്കി വിട്ടയക്കാന്‍ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി കോടതി വിളിച്ചുവരുത്തിയത്.2023 ഓഗസ്റ്റ് 25 നാണ് ശ്രീറാം വിചാരണ നേരിടാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന വാദം സുപ്രീംകോടതി തള്ളിയിരുന്നു. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു.
ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമനായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നും സാധാരണ മോട്ടോര്‍ വാഹന വകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് ശ്രീറാം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഉന്നയിച്ചത്. ജസ്റ്റിസ് സി.ടി. രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സാഹചര്യത്തെളിവുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. തെളിവുകള്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് വിചാരണ ഘട്ടത്തിലാണ്. ഇത് വിചാരണ നടക്കേണ്ട കേസാണെന്നും കോടതി നിരീക്ഷിച്ചു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
إرسال تعليق