Join News @ Iritty Whats App Group

ചാവശേരി കാശിമുക്കില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന്


ചാവശേരി: കാശിമുക്കില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണാഭരണങ്ങള്‍ കവർന്നു. കാശിമുക്ക് മുസ്‌ലിം പള്ളിക്ക് സമീപത്തെ ആയിഷ നെസ്റ്റില്‍ കെ.കെ.ജാഫറിന്‍റെ വീടിന്‍റെ മുൻഭാഗത്തെ വാതില്‍ തകർത്തായിരുന്നു കവർച്ച. കൈക്കോട്ടും ഇരുമ്ബുകമ്ബിയും ഉപയോഗിച്ചാണ് വാതിലിന്‍റെ പൂട്ട് കുത്തിപ്പൊളിച്ചതെന്ന് കരുതുന്നു. കൈക്കോട്ടിന്‍റെ ഒരു ഭാഗം വീട്ടുവരാന്തയിലും ബാക്കി ഭാഗം ഹാളിലെ സോഫയിലും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഒരു കമ്ബിയും വീട്ടുവരാന്തയില്‍ കണ്ടെത്തി. 

കിടപ്പുമുറിയിലെയും ഹാളിലെയും അലമാരയുടെയും മേശയുടെയും മറ്റും ഡോറുകള്‍ തുറന്നു സാധനങ്ങള്‍ പുറത്തുവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ച കുട്ടികളുടെ രണ്ടുവള, രണ്ടു ചെയിൻ, കൈച്ചെയിൻ, മാല തുടങ്ങിയവയാണ് മോഷണം പോയത്. ജാഫറിന്‍റെ ഭാര്യയുടെ ഉമ്മ തിങ്കളാഴ്ച രാവിലെ പതിനൊന്നൊടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്‍റെ മുൻഭാഗത്തെ വാതില്‍ തകർത്ത നിലയില്‍ കണ്ടെത്തിയത്. തുടർന്നു മട്ടന്നൂർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മട്ടന്നൂർ എസ്‌എച്ചഒ എം. അനിലിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍നിന്ന് ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് മണം പിടിച്ച്‌ റോഡിലൂടെ ഓടിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കവർച്ച നടന്ന വീട്ടില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ഇതു പ്രവർത്തിക്കുന്നില്ല. ജാഫറും കുടുംബവും ബംഗളൂരുവിലാണ് ഇപ്പോള്‍ താമസിച്ചുവരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group