വയനാട് ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 319 ആയി. ദുരന്ത മുഖത്ത് നിന്നും ചാലിയാറില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങള്‍ പലതും ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അവയവങ്ങള്‍ മാത്രമായി ചാലിയാറില്‍ ഒഴുകിയെത്തിയതും പാറകള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെയും അവസ്ഥ ദുരന്തത്തിന്റെ ഭീകരത വിളിച്ചോതുന്നുണ്ട്.
വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഫോറന്‍സിക് വിഭാഗം മേധാവി ഡോ ഹിതേഷ് ശങ്കർ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നുണ്ട്.
പൂര്‍ണമായ ശരീരത്തോടെ ലഭിച്ചത് ആകെ പത്ത് മൃതദേഹങ്ങള്‍ മാത്രമാണെന്ന് ഹിതേഷ് പറയുന്നു. ലഭിച്ചതില്‍ അധികവും തലയില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമായിരുന്നു. ലഭിച്ച മൃതദേഹങ്ങളില്‍ ഏറെയും തല തകര്‍ന്ന നിലയിലായിരുന്നു. പൊട്ടിത്തകര്‍ന്ന തലകള്‍ ശൂന്യമായിരുന്നെന്നും ഹിതേഷ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
പാറക്കെട്ടുകളില്‍ കുരുങ്ങി കൈകാലുകള്‍ മാത്രം വേര്‍പെട്ട ശരീരങ്ങളും എല്ലും മാംസപേശികളും വേര്‍പെട്ട ശേഷം തോലുമാത്രമായി കണ്ടെത്തിയ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിന് എത്തിയെന്നും ഹിതേഷ് ശങ്കര്‍ ഓര്‍മ്മിക്കുന്നു. ലഭിച്ച മൃതദേഹങ്ങളുടെ വയറ്റിലും ശ്വാസകേശത്തില്‍ നിന്നും ചെളി കണ്ടെത്തിയെന്നും ഡോക്ടര്‍ വ്യക്തമാക്കി.
മൃതദേഹങ്ങള്‍ പലതും തിരിച്ചറിഞ്ഞത് അവയവങ്ങളില്‍ പതിച്ച ടാറ്റൂ കണ്ടും പല്ലുകളിലെ ക്ലിപ്പ് തിരിച്ചറിഞ്ഞുമാണ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഡിഎന്‍എ ലഭിച്ച മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്.
إرسال تعليق