പാലക്കാട് ജില്ലയിലെ മുതിർന്ന നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പി.കെ ശശിക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. ഇത് മൂന്നാം തവണയാണ് പി.കെ ശശിക്കെതിരെ പാർട്ടി നടപടി എടുക്കുന്നത്. അതേസമയം സിപിഎം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.എം ശശിക്ക് ഏരിയാകമ്മിറ്റിയുടെ താത്കാലിക ചുമതല നൽകി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഞായറാഴ്‌ച ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. ജില്ലാനേതൃത്വത്തിൻ്റെ ഈ തീരുമാനം സംസ്ഥാനകമ്മിറ്റി അംഗീകരിക്കുന്നതോടെ നടപടി നിലവിൽ വരും. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പാർട്ടി നടപടി. അതേസമയം വിഭാഗീയപ്രശ്‌നങ്ങളെത്തുടർന്ന് യു.ടി രാമകൃഷ്ണൻ സെക്രട്ടറിയായ മണ്ണാർക്കാട് ഏരിയാകമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
സിഐടിയു ജില്ലാ പ്രസിഡൻ്റും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ ശശിക്ക് ഈ പദവികൾ കൂടി നഷ്‌ടമാകും. തരംതാഴ്ത്തൽ നടപടിയും ഉണ്ടാകും. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ വിഷയത്തിൽ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് എം.വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്തിരുന്നു. തുടർന്നായിരുന്നു നടപടി. അതേസമയം പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
إرسال تعليق