Join News @ Iritty Whats App Group

ബെംഗളൂരുവില്‍ രാവിലെ മുതല്‍ മഴ, ഒരാഴ്ച വരെ നീളുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം


ബെംഗളൂരു: ബെംഗളൂരുവില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഐഎംഡിയുടെ പ്രവചനമനുസരിച്ച് ബെംഗളൂരുവില്‍ വ്യാഴാഴ്ച വരെ നേരിയ മഴയും വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയും ഉണ്ടാകും. നഗരത്തിലെ ഇന്നത്തെ ശരാശരി താപനില 26.05 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.

ആപേക്ഷിക ആര്‍ദ്രത 82% ആണ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 66 കിലോ മീറ്ററില്‍ ആയിരിക്കും. രാവിലെ 6.07 ന് ഉദിച്ച സൂര്യന്‍ വൈകുന്നേരം 6:42 ന് അസ്തമിക്കും. രാമനഗര, ചാമരാജനഗര്‍ ജില്ലകളില്‍ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. ബെംഗളുരുവില്‍ മഴക്കൊപ്പം ഇടിയും പ്രതീക്ഷിക്കാം. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മൈസൂരു, മാണ്ഡ്യ, കോലാര്‍ ജില്ലകളിലായി ചില സ്ഥലങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

തീരദേശ കര്‍ണാടക ജില്ലകളില്‍ പലയിടത്തും മിതമായ മഴയ്ക്ക് സാധ്യതയുണ്ട് എന്നും ദക്ഷിണ കര്‍ണാടകയിലെ ശേഷിക്കുന്ന ജില്ലകളില്‍ ചില സ്ഥലങ്ങളിലും വടക്കന്‍ കര്‍ണാടക ജില്ലകളിലും വരണ്ട കാലാവസ്ഥയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാമനഗര, ചാമരാജനഗര്‍, ബംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, കോലാര്‍, ചിക്കബെല്ലാപുര ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയോ ഇടിയോ ഉണ്ടാകാന്‍ സാധ്യത വളരെ കൂടുതലാണ്.

മൈസൂരു, മാണ്ഡ്യ, ഹാസന്‍, തുംകൂര്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 12 മുതല്‍ 15 വരെ ബെംഗളൂരുവില്‍ പൊതുവെ മേഘാവൃതമായ ആകാശവും നേരിയ മഴയും അനുഭവപ്പെടും. ദക്ഷിണേന്ത്യയില്‍ ആഴ്ചയിലുടനീളം സാമാന്യം വ്യാപകമായ നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. കേരളത്തിലും മാഹിയിലും തമിഴ്നാട്ടിലും വടക്കന്‍ കര്‍ണാടകയിലും ഓഗസ്റ്റ് 12 മുതല്‍ 15 വരെ നേരിയ മഴയും ഓഗസ്റ്റ് 14, 15 തീയതികളില്‍ ഒറ്റപ്പെട്ട കനത്ത മഴയും പ്രതീക്ഷിക്കുന്നു.

അതിനിടെ ബെംഗളൂരുവില്‍ ഇന്ന് പുലര്‍ച്ചെ പെയ്ത സാമാന്യം ശക്തമായ മഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടിന് കാരണമായി. പല പ്രധാന റോഡുകളിലും ഗതാഗതം മന്ദഗതിയിലായതിനാല്‍ ഗതാഗത വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിന്‍ഡ് ടണല്‍ റോഡില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് കെമ്പപുര ഭാഗത്തേക്കുള്ള ഗതാഗതം മന്ദഗതിയിലാണ്. ബന്നാര്‍ഘട്ട റോഡ് & ജയദേവ അണ്ടര്‍പാസില്‍ ഇരുവശവും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. രൂപേണ അഗ്രഹാര വഴി സില്‍ക്ക്‌ബോര്‍ഡിലേക്കുള്ള ഗതാഗതവും തടസപ്പെട്ടു.

Post a Comment

أحدث أقدم
Join Our Whats App Group