Join News @ Iritty Whats App Group

തട്ടിക്കൊണ്ടുപോയയാളെ വിട്ടുപോരാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ്, വിതുമ്പി കിഡ്നാപ്പറും, പൊലീസ് സ്റ്റേഷനിൽ നാടകീയരം​ഗം

വളരെ നാടകീയവും വൈകാരികവുമായ രം​ഗങ്ങളാണ് കഴിഞ്ഞ ദിവസം ജയ്പ്പൂരിലെ ഒരു ലോക്കൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായത്. 14 മാസങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ഒരു വയസുകാരനെ പൊലീസ് കണ്ടെത്തി അമ്മയ്ക്ക് കൈമാറവെയാണ് പൊലീസ് സ്റ്റേഷനിൽ ആരും പ്രതീക്ഷിക്കാത്ത രം​ഗം അരങ്ങേറിയത്. തന്നെ തട്ടിക്കൊണ്ടുപോയയാളെ വിട്ടു പോകാൻ കൂട്ടാക്കാതെ കരയുന്ന രണ്ട് വയസുകാരനെയാണ് പൊലീസിന് കാണേണ്ടി വന്നത്. 

സംഭവം ഇങ്ങനെ: കുക്കു എന്ന് വിളിക്കുന്ന പ്രിഥ്വി എന്ന കുട്ടിയെയാണ് തനൂജ് ചഹാർ എന്നയാൾ തട്ടിക്കൊണ്ടു പോയത്. ആഗ്രയിൽ നിന്നുള്ള 33 -കാരനായ തനൂജ് ചാഹർ, മുമ്പ് അലിഗഡിലെ റിസർവ് പൊലീസ് ലൈനിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ പൊലീസിൽ നിന്നും രക്ഷപ്പെടാൻ എന്തെല്ലാം ചെയ്യണമെന്ന് തന്റെ പൊലീസ് ബുദ്ധിയുപയോ​ഗിച്ച് തനൂജ് മനസിലാക്കിയിരുന്നു. ഇയാൾ നിരന്തരം വേഷം മാറി. ഫോൺ തീരെ ഉപയോ​ഗിക്കാതെയായി. താടി വളർത്തുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. 

ഇയാൾ കുട്ടിയുമൊത്ത് വൃന്ദാവനിലെ യമുനാ നദിക്ക് സമീപം നിർമ്മിച്ച ഒരു കുടിലിലാണ് താമസിച്ചിരുന്നത്. സന്യാസിയുടെ വേഷത്തിലായിരുന്നു ഇയാൾ പലപ്പോഴും പ്രത്യക്ഷപ്പെട്ടിരുന്നത്. ഒപ്പം പലരോടും ഇത് തന്റെ മകനാണ് എന്നാണത്രെ ഇയാൾ പറഞ്ഞിരുന്നത്. ഒടുവിൽ ഇയാൾ കുട്ടിയോടൊത്ത് പിടിയിലാവുകയായിരുന്നു. 

സ്റ്റേഷനിലെത്തിച്ചപ്പോഴാണ് നാടകീയ രം​ഗങ്ങളുണ്ടായത്. കുട്ടി ഇയാളെ വിട്ട് പോകാൻ വിസമ്മതിക്കുകയും കരയുകയും ചെയ്തു. ഒടുവിൽ ബലം പ്രയോ​ഗിച്ചാണ് കുട്ടിയെ ഇയാളിൽ നിന്നും അടർത്തിമാറ്റി അമ്മയെ ഏൽപ്പിച്ചത്. കുട്ടിയുടെ കരച്ചിൽ കണ്ട തനൂജും കരഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു.

കുട്ടിയുടെ അമ്മയായ പൂനത്തിനോട് തനൂജ് നേരത്തെ ഇയാളുടെ കൂടെ വന്ന് താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൂനം അത് വിസമ്മതിച്ചു. പിന്നാലെ, ഇയാൾ പൂനത്തെ ഭീഷണിപ്പെടുത്തുകയും കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒടുവിൽ, കുട്ടിയെ പൊലീസുകാർ അമ്മയെ ഏല്പിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്നുള്ള വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group