ഉരുള്പൊട്ടലുണ്ടായ വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലകളിലെ വീടുകളിൽ കവർച്ച നടക്കുന്നതായി പരാതി ഉയരുന്നു. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് കവർച്ച നടക്കുന്നത്. ഇനി അടുത്തതെന്തെന്ന് ചിന്തിച്ച് കഴിയുന്ന ഒരുകൂട്ടം ആളുകളോടാണ് ഈ നീചന്മാർ ഈ ക്രൂരത കാട്ടുന്നത്. ഇത്രയും വലിയ ദുരന്തം നടന്ന മേഖലയിലെത്തി മോഷ്ടിക്കണമെങ്കിൽ ഇവിടം അറിയുന്ന ആളുകൾ തന്നെയായിരിക്കണമെന്നും നാട്ടുകാർ പറയുന്നു.
മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താൽക്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഈ വീടുകളിലാണ് കവർച്ച നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. അപകടം സംഭവിച്ചതറിഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പലരും വീടുകൾ അടച്ചുപൂട്ടാതെയും അടച്ചുപൂട്ടിയുമാണ് ഓടിയത്.
മൃതദേഹം കിടന്ന തകർന്ന വീടുകളിൽ നിന്നും പഴ്സും സ്വർണവും അടക്കമുള്ളവ കവർന്നതായും പരാതിയിൽ പറയുന്നു. ദുരിതാശ്വാസ പ്രവർത്തകരുടെ മെഷീൻ വാളും കൈ വാളും പോലും കവർന്നതായും പരാതിയുണ്ട്. മൃതദേഹം ഉണ്ടോയെന്ന് പരിശോധിക്കാനായി ഒരു തകർന്ന വീടിലേക്ക് കയറി തിരിച്ചുവന്നപ്പോഴാണ് ആയുധങ്ങൾ നഷ്ടമായതെന്ന് പ്രദേശവാസി കൂടിയായ രക്ഷാപ്രവർത്തകൻ പറഞ്ഞു.
എന്തൊരു നെറികേടാണിത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് സ്വന്തം കിടപ്പാടം പോലും ഇല്ലാതെ നിസ്സഹായരായി നിൽക്കുന്ന ഒരുകൂട്ടം ആളുകളോടാണീ ക്രൂരത. ഒരായുസിന്റെ കാലം മുഴുവൻ അവർ സമ്പാദിച്ച് വച്ചതെല്ലാം കട്ടുകൊണ്ട് പോകുന്ന കാട്ട് കള്ളന്മാർ. ദുരന്തമുഖത്തും ഇത്തരം വൃത്തികെട്ട പ്രവർത്തികൾ ചെയ്യുന്ന ഇവരെപോലെയുള്ളവരുടെ മനസാക്ഷി പോലും മരവിച്ച് പോയിരിക്കുന്നു.
إرسال تعليق