കണ്ണൂർ:തിരക്കേറിയ സ്ഥലങ്ങളിലും ബസിനകത്തും മാലപിടിച്ചുപറിക്കുന്ന സംഘത്തിലെ മൂന്ന് സ്ത്രീകള്‍ കണ്ണൂരില്‍ പിടിയില്‍.
തമിഴ്നാട് സ്വദേശികളായ രാധ (44), മഹാലക്ഷ്മി (34), കറുപ്പയ്യ അമ്മ (50) എന്നിവരെയാണ് ടൗണ്‍ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി, വനിതാ സ്റ്റേഷൻ എസ്.െഎ. കെ.കെ. രേഷ്മ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച മാത്രം ഇവർ അഞ്ചിടങ്ങളില്‍ മാലപിടിച്ചുപറിച്ചു. ഇവരുടെ പേരില്‍ തളിപ്പറമ്ബിലും എടക്കാട്ടും ഒന്ന് വീതവും ടൗണ്‍ പോലീസില്‍ മൂന്നും കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവർ മാലപൊട്ടിക്കുന്നത് ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടർന്ന് കണ്ണൂരിലും എടക്കാട്ടും നടത്തിയ സി.സി.ടി.വി. പരിശോധനയില്‍ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
താഴെചൊവ്വ സ്വദേശിയായ ആയിഷ, വാമിക, കാർത്ത്യായനി എന്നിവരുടെ സ്വർണമാലയാണ് കണ്ണൂർ നഗരത്തില്‍നിന്ന് കവർന്നത്. ബസില്‍ യാത്രചെയ്യുന്നതിനിടെ പിറകില്‍നിന്ന് രണ്ടു സ്ത്രീകള്‍ ശക്തമായി തള്ളുകയും ഒരാള്‍ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാലപൊട്ടിച്ച് രക്ഷപ്പെടുകയുമായിരുന്നെന്ന് ആയിഷ പോലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് നഗരത്തില്‍ നിന്നും പ്രതികള്‍ വലയിലായത്.
അറസ്റ്റിലായത് മാല കവർച്ചസംഘത്തിലെ പ്രധാന കണ്ണികള്‍
മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തിട്ടും വ്യക്തമായ മേല്‍വിലാസമോ എന്തിനാണ് കണ്ണൂരില്‍ എത്തിയെതെന്നോ മൂന്ന് സ്ത്രീകളും വെളിപ്പെടുത്തിയില്ല.
തുടർന്ന് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അന്തസ്സംസ്ഥാനബന്ധമുള്ള പിടിച്ചുപറി സംഘത്തില്‍പ്പെട്ടവരാണെന്ന് മനസ്സിലായത്. പുരുഷൻമാർ ഉള്‍പ്പെടെയുള്ള വൻ റാക്കറ്റ് ഇവരുടെ പിന്നിലുണ്ടെന്ന് പോലീസ് പറയുന്നു. ഒരാഴ്ചയ്ക്കിടെ തിരക്കുള്ള സ്ഥലങ്ങളില്‍നിന്ന് മാല പൊട്ടിക്കല്‍, മോഷണശ്രമം ഉള്‍പ്പെടെ മൂന്ന് പരാതികള്‍ കണ്ണൂർ ടൗണ്‍ പോലീസിന് ലഭിച്ചിരുന്നു. 2021, 2022 വർഷങ്ങളിലും ഇവരുടെ പേരില്‍ ടൗണ്‍ പോലീസില്‍ കേസുണ്ട്. വിവിധ പേരുകളിലാണ് ഓരോ സമയത്തും ഇവർ അറിയപ്പെടുന്നത്. ക്രൈം സ്ക്വാഡ് അംഗങ്ങളായ അജയൻ, നാസർ, രഞ്ജിത്ത്, ഷാജി എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
إرسال تعليق