ആലപ്പുഴ: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കിയ സിപിഎം നടപടി കൈ കഴുകലെന്ന് വിമർശിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇപി ജയരാജനെ സിപിഎം ബലിയാടാക്കി. മുഖ്യമന്ത്രി അറിയാതെ പ്രകാശ് ജാവ്‌ദേക്കറുമായി ഇപി കൂടിക്കാഴ്ച നടത്തില്ല. എത്രയോ വർഷങ്ങൾക്ക് മുൻപാണ് ഇപി പ്രകാശ് ജാവദേക്കറെ കണ്ടത്. അതിന് ഇപ്പോഴാണോ നടപടി എടുക്കുന്നതെന്നും കെസി വേണുഗോപാൽ ചോദിച്ചു.
സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഇലക്ഷൻ കാലത്ത് ഉണ്ടായതാണെന്ന് വ്യക്തമാണ്. തലസ്ഥാന നഗരിയിൽ മുഖ്യമന്ത്രി അറിയാതെ കൂടിക്കാഴ്ച നടക്കില്ല. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടന്ന കാര്യങ്ങൾക്ക് അന്നൊന്നും നടപടി എടുക്കാതെ ഇപ്പോൾ നടപടി എടുക്കുന്നത് കണ്ണിൽ പൊടിയിടാനാണ്. യഥാർത്ഥ കുറ്റം ചെയ്തവരെ മറച്ചു നിർത്തി വേറൊരാളെ ബലിയാടാക്കുകയാണ് സിപിഎം നേതൃത്വം. അന്ന് നടന്നത് പാർട്ടിയുമായിട്ടുള്ള ഡീലിങാണ്. എഡിജിപിക്കെതിരായ ആരോപണം ഗുരുതരമാണ്. എംഎൽഎ പറഞ്ഞത് തെറ്റാണെങ്കിൽ തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴയുടെ വൈകാരികമായ ഒന്നാണ്. സർക്കാർ ആദ്യത്തെ പരിഗണന നൽകേണ്ടത് ആലപ്പുഴയിലെ വള്ളംകളിക്കാണ്. അല്ലാതെ ബേപ്പൂരിലെ വള്ളംകളിക്കല്ല. എത്രയും പെട്ടന്ന് നെഹ്റു ട്രോഫി വള്ളംകളി നടത്താനുള്ള നടപടി സ്വീകരിക്കണം. അവിടെ വേണം ഇവിടെ വേണ്ട എന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുകേഷിൻ്റെ രാജി ആവശ്യപ്പെടുമ്പോൾ എൽദോസ് കുന്നപ്പിള്ളി രാജി വെച്ചില്ലല്ലോ എന്ന് സിപിഎം ചോദിക്കുന്നു. എന്നാൽ രണ്ടും രണ്ട് സാഹചര്യങ്ങളാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പറഞ്ഞതിനോടാണ് തനിക്ക് അനുഭാവം. അവർ അത് പറഞ്ഞത് പാർട്ടി തലത്തിൽ ആലോചിച്ചിട്ടാണ് എന്നാണ് എന്റെ വിശ്വാസമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
إرسال تعليق