കൊച്ചി: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് ശ്രീലേഖ കൊച്ചി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. രഞ്ജിത്തിനെതിരെ ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. തുടർന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
അതിക്രമം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വെച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിലുണ്ട്. രഞ്ജിത്ത് നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ശ്രീലേഖ പരാതി നല്‍കിയിരിക്കുന്നത്. കേസെടുക്കാന്‍ പരാതി വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് അറിഞ്ഞു. അതുകൊണ്ടാണ് രേഖാമൂലം ഇപ്പോള്‍ പരാതി നല്‍കുന്നതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.
സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്നായിരുന്നു ശ്രീലേഖ മിത്രയുടെ പ്രതികരണം.
إرسال تعليق