Join News @ Iritty Whats App Group

കേരളമുള്‍പ്പെടുന്ന മേഖലയിലെ പ്രകൃതി ദുരന്തത്തിനു മുഖ്യകാരണം; അറബിക്കടലിലെ അതിതാപനം, അതിതീവ്രമഴ, ഉരുള്‍പൊട്ടല്‍...

ആഗോളതാപനവും ഒപ്പം അറബിക്കടലിന്റെ ചൂടുകൂടുന്നതും കേരളമുള്‍പ്പെടുന്ന മേഖലയിലെ പ്രകൃതി ദുരന്തത്തിനു മുഖ്യകാരണം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ അതിതീവ്രമഴയയെന്ന പ്രതിഭാസമാണ് മഴയുടെ പ്രധാന സ്വഭാവമാറ്റമായി ഗവേഷകര്‍ വിലയിരുത്തുന്നത്. അതിതീവ്രമഴയ്ക്കുകാരണം അസാധാരണമാംവിധം കടല്‍ ചൂടായതുകൊണ്ടെന്നു പഠനങ്ങളില്‍ തെളിഞ്ഞതുമാണ്. മണ്‍സൂണ്‍ സീസണില്‍ പോലും തെക്ക് കിഴക്ക് അറബിക്കടലില്‍ പതിവില്‍ കവിഞ്ഞ ചൂട് ആയിരുന്നു. ഒന്നു മുതല്‍ ഒന്നര ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടി. കട്ടിയേറിയ മേഘരൂപീകരണമാണ് ഇതിന്റെ പരിണത ഫലം.

കാറ്റിന്റെ ഗതികൂടി കരയിലേക്കു വന്നതോടെ ഇൗ മേഘങ്ങള്‍ കടലില്‍നിന്ന് കരയിലേക്കു കയറി വര്‍ധിച്ച അതിതീവ്രമഴയ്ക്ക് കാരണമാകുന്നു. അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇൗ അനുമാനത്തിലെത്തിയത്. അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ എണ്‍വയണ്‍മെന്റല്‍ ഇന്‍ഫര്‍മേഷന്‍ (എന്‍.ഒ.എ.എ) യാണ് പ്രധാനമായ കാലവസ്ഥാ വ്യതിയാന വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 140 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ ജൂലൈയില്‍ ആഗോള താപനില ഏറ്റവും കൂടുതലായാണ് അനുഭവപ്പെട്ടതെന്ന് എന്‍.ഒ.എ.എ. ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 2016 ജൂലൈയിലായിരുന്നു മുമ്പ് കടുത്ത ചൂട് രേഖപ്പെടുത്തിയിരുന്നത്.

ഉത്തര ദക്ഷിണ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ആഫ്രിക്കയുടെ ദക്ഷിണാര്‍ധം, ഇന്ത്യന്‍ സമുദ്രം, അറ്റ്‌ലാന്റിക് സമുദ്രം എന്നിവിടങ്ങളിലെല്ലാം ഇൗ അതിതാപം പ്രതിഫലിച്ചു. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കയിലും മഞ്ഞുമലകള്‍ ഉരുകിയൊലിച്ചു. പൊതുവേ ചൂടി കൂടിയ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദങ്ങള്‍ പതിവാണ്. എന്നാല്‍, ചൂട് ഏറിയപ്പോള്‍ ന്യൂനമര്‍ദങ്ങളുടെ ഘോഷയാത്രയായി. ഇതും മഴകൂടാന്‍ ഇടയാക്കി. ഒരേ സമയം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചൂടേറിയതും മഴയ്ക്ക് അനുകൂലമായി. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമ്പോള്‍തന്നെ അറബിക്കടലില്‍ ഉള്‍പ്പെടെ കടല്‍ ബാഷ്പീകരണതോത് കൂടുകയും ചെയ്തു. ഇത് വലിയതോതില്‍ മേഘ രൂപീകരണത്തിന് വഴിവച്ചു. മഴയ്ക്ക് അനുകൂലമായ കാറ്റും വര്‍ധിച്ചപ്പോള്‍ അതിതീവ്രമഴയായെന്നാണു ഗവേഷകരുടെ അനുമാനം.

കാറ്റിന്റെ ദിശ കേരളത്തിനെ ലക്ഷ്യമാക്കി വരികയും മേഘങ്ങളുമായി എത്തുന്ന കാറ്റിനെ പശ്ചിമഘട്ടം തടഞ്ഞു നിര്‍ത്തി മലകളിലും കാടുകളിലും താഴ്‌വാരങ്ങളിലും കനത്ത മഴ പെയ്യിക്കുകയുമായിരുന്നു. ഇത് ചില മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടാക്കി. പശ്ചിമഘട്ടത്തിന് മുകളില്‍ മേഘക്കൂമ്പാരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. അതു ചില മേഖലകള്‍ കേന്ദ്രീകരിച്ച് അതിതീവ്ര മഴയായി മാറുന്നു. പെട്ടെന്നുണ്ടാകുന്ന വലിയ അളവിലെ വെള്ളം ഭൂമിക്ക് ഉള്‍ക്കൊള്ളാവുന്നതിലും അധികമാകുന്നു. ഉള്‍ക്കൊള്ളാന്‍ വയ്യാത്തതുകൊണ്ട് ഭൂമിതന്നെ അതിനെ പുറന്തള്ളുന്നു. ആ തള്ളലില്‍ കല്ലും മണ്ണും പാറയും മരങ്ങളും വലിയ ചെളിപ്പുഴയായി വലിയ ഉരുള്‍പൊട്ടലായി മാറുന്നുവെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

കടല്‍ താപനിലയിലെ വ്യതിയാനം മൂലം കൊങ്കണ്‍ മേഖലയില്‍ മുമ്പ് കനത്ത മഴ പെയ്തിരുന്ന സ്ഥാനങ്ങള്‍ക്ക് മാറ്റമുണ്ടായി. ഇൗ സ്ഥലങ്ങളില്‍ നിന്ന് കനത്ത മഴ കേരളത്തിന്റെ ഭൂമേഖലയിലേക്ക് മാറിയതും തിരിച്ചടിയായി. ഇൗ മാറ്റം കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കിട വരുത്തിയെന്ന് കുസാറ്റിന്റെ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാട്ടില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കനത്ത മഴയാണ് പെയ്തിരുന്നത്. 24 മണിക്കൂറില്‍ 24 സെന്റീമീറ്റര്‍ മഴപെയ്തത് ലോലപരിസ്ഥിതി മേഖലകളെ പിടിച്ചുലച്ചു.

Post a Comment

أحدث أقدم
Join Our Whats App Group