തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയില്‍ യുവതിയെ വീട്ടില്‍ കയറി വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതിയായ ഡോക്ടര്‍ ദീപ്തിയെ ചൊവ്വാഴ്ച പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ക്വാര്‍ട്ടേഴ്‌സിലെ മുറിയില്‍ നിന്ന് ദീപ്തി വെടിവെയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെടുത്തു.
രാവിലെ 11ന് ആരംഭിച്ച തെളിവെടുപ്പ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടുനിന്നു. മുറിയില്‍ സൂക്ഷിച്ചിരുന്ന തോക്കും തിരകളുമാണ് കണ്ടെടുത്തത്. ആക്രമണത്തിനായി തിരകള്‍ ലോഡ് ചെയ്ത രീതി ഉള്‍പ്പെടെ ഡോക്ടര്‍ ദീപ്തി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. ഡോക്ടര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ച എറണാകുളത്തെ സ്ഥാപനത്തില്‍ ബുധനാഴ്ച തെളിവെടുപ്പ് നടത്തും. നിലവില്‍ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ദീപ്തി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കേസില്‍ ദീപ്തി വെടിയുതിര്‍ത്ത എയര്‍ പിസ്റ്റള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊല്ലത്ത് ഡോക്ടര്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. ജൂലൈ 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ദീപ്തി വഞ്ചിയൂരിലെ സുജിത്തിന്റെ വീട്ടിലെത്തി ഭാര്യ ഷിനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഷിനിയുടെ വലത് കൈയ്ക്ക് പരിക്കേറ്റിരുന്നു. ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാനെന്ന പേരില്‍ മുഖംമൂടി ധരിച്ചെത്തിയാണ് ദീപ്തി ആക്രമണം നടത്തിയത്.
വീട്ടിലെ കോളിങ് ബെല്ല് കേട്ട് ഷിനിയുടെ ഭര്‍ത്താവിന്റെ അച്ഛനാണ് ആദ്യം വാതില്‍ തുറന്നത്. രജിസ്റ്റേര്‍ഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നും പിന്നീട് ദീപ്തി ആവശ്യപ്പെട്ടു. ഇതോടെ ഒപ്പിടുന്നതിന് പേനയെടുക്കാന്‍ അച്ഛന്‍ വീട്ടിനുള്ളിലേക്ക് കയറി. ഈ സമയം ഷിനി പുറത്തേക്ക് വരികയായിരുന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിര്‍ത്തു. ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. തുടര്‍ന്ന് ദീപ്തി അവിടെ നിന്നും കടന്നുകളയുകയായിരുന്നു.
ആക്രമണത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ ദീപ്തി ഓണ്‍ലൈനായി വാങ്ങിയതാണ്. പിസ്റ്റള്‍ ഉപയോഗിക്കാനും വെടിവയ്ക്കാനും ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം ദീപ്തി വന്ന കാറിന്റെ നമ്പറും വ്യാജമായിരുന്നു. തെറ്റിദ്ധരിപ്പിക്കാനായി പുറകില്‍ എല്‍ ബോര്‍ഡും പതിപ്പിച്ചിരുന്നു. എന്നാല്‍ ദീപ്തി ബന്ധുവിന്റെ വാഹനം താല്‍ക്കാലികമായി വാങ്ങി എറണാകുളത്തെത്തി വ്യാജ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കിയതായി അന്വേഷണസംഘം കണ്ടെത്തി. ദീപ്തിയുടെ ഭര്‍ത്താവിന്റെ അച്ഛന്റെ പേരിലുള്ള കാറിലായിരുന്നു ഇവര്‍ വന്നത്. സില്‍വര്‍ കളറിലുള്ള കാര്‍ ആയൂരിലുള്ള ദീപ്തിയുടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ദീപ്തിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍വിഭാഗത്തിലെ പ്രധാന ഡോക്ടറായ ദീപ്തിയെ ഡ്യൂട്ടിക്കിടെ ഉച്ചയ്ക്ക് ആശുപത്രി പരിസരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ ദിവസം തന്നെ ആളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. കൊല്ലം വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ദീപ്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
അറസ്റ്റിലായ ദീപ്തിയും ഷിനിയുടെ ഭര്‍ത്താവ് സുജിത്തും ഒന്നരവര്‍ഷം മുന്‍പ് കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. കൊവിഡ് കാലത്താണ് ഇരുവരും പരിചയത്തിലാകുന്നത്. അവിടെവച്ച് ഇവര്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ പിന്നീട് സുജിത്ത് ഈ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നു കാലത്ത് സുജിത്ത് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ദീപ്തി മൊഴി നല്‍കിയിട്ടുണ്ട്. ഇതിലുള്ള പ്രതികാരമാണ് കൃത്യം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദീപ്തി മൊഴി നല്‍കിയിട്ടുണ്ട്.
വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തിരുന്നു. കേസിലെ പ്രതിയായ ഡോക്ടര്‍ ദീപ്തി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടില്‍ കയറി ഭാര്യയെ ആക്രമിച്ചതെന്നായായിരുന്നു ദീപ്തിയുടെ മൊഴി.
إرسال تعليق