Join News @ Iritty Whats App Group

എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ദുരന്തമുണ്ടാകാന്‍ കാരണം അണക്കെട്ട് പ്രതിഭാസം; പുഞ്ചിരിമട്ടത്ത് ഇനി ജനവാസം സാധ്യമല്ല; ചൂരല്‍മല വാസയോഗ്യമെന്ന് വിദഗ്ധ സംഘം

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുഞ്ചിരിമട്ടത്ത് ഇനി ജനവാസം സാധ്യമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി. പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ പരിശോധന നടത്തിയ ശേഷമാണ് സംഘത്തിന്റെ പ്രതികരണം.

ചൂരല്‍മല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിര്‍മ്മാണ പ്രവര്‍ത്തനം വേണോ എന്നത് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോണ്‍ മത്തായി പറഞ്ഞു.

പുഞ്ചിരിമട്ടം മുതല്‍ ചൂരല്‍മല വരെ പരിശോധന നടത്തി. എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ദുരന്തമുണ്ടാകാന്‍ കാരണം അണക്കെട്ട് പ്രതിഭാസം മൂലമാണെന്നും വിദഗ്ധ സംഘം വ്യക്തമാക്കി. കനത്ത മഴയാണ് ഉരുള്‍പൊട്ടല്‍ മേഖലയില്‍ പെയ്തതത്. രണ്ട് ദിവസം കൊണ്ട് പ്രദേശത്ത് 570 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഇത് അസാധാരണ സംഭവമാണ്.

വനപ്രദേശത്ത് ഉരുള്‍പൊട്ടിയതിനാല്‍ മരങ്ങള്‍ ഉള്‍പ്പെടെ താഴേക്ക് പതിച്ചിട്ടുണ്ട്. ഇത് പുഴയുടെ വീതി കുറഞ്ഞ സീതമ്മക്കൂണ്ട് എന്ന സ്ഥലത്ത് അടിഞ്ഞ് ഒരു താത്കാലിക ഡാം രൂപപ്പെട്ടു. ഈ സംഭരണി പിന്നീട് പൊട്ടി. ഈ ശക്തിയിലാണ് വീടുകള്‍ അടക്കം ഒലിച്ചുപോയതെന്ന് വിദഗ്ധ സംഘം വ്യക്തമാക്കി.

ഒരു സ്ഥലത്ത് ഉരുള്‍ പൊട്ടിയാല്‍ വീണ്ടും ഉടന്‍ ഉരുള്‍ പൊട്ടാന്‍ സാധ്യതയില്ല. ഇതിന് കുറച്ച് കാലമെടുക്കും. എന്നാലും ഈ പ്രദേശത്ത് നിലനില്‍ക്കുന്ന വീടുകളില്‍ ദീര്‍ഘ നാളത്തേക്ക് ജനവാസം സാധ്യമല്ലെന്ന് സംഘം വ്യക്തമാക്കി. ഇപ്പോള്‍ നടത്തിയ പരിശോധയുടെ പ്രാഥമിക റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം നല്‍കുമെന്നും സംഘം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group