തൊടുപുഴ: പട്ടികജാതി – പട്ടികവർഗ സംവരണപ്പട്ടിക അട്ടിമറിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ആരോപിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഭീം ആർമിയും വിവിധ സംഘടനകളും ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണു ഹർത്താൽ എന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാൻ നോയൽ വി. ശാമുവേൽ അറിയിച്ചു. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കും.
24ന് എറണാകുളം അധ്യാപക ഭവനിൽ ശിൽപശാല നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമാണം നടത്തുക, വിദ്യാഭ്യാസ മേഖലയിൽ അടിച്ചേൽപിച്ച 2.5 ലക്ഷം രൂപ വാർഷിക വരുമാനപരിധി ഉൾപ്പെടെ എല്ലാ തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ്‌സി, എസ്‌ടി ലിസ്റ്റ് 9–ാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികൾ ഉന്നയിച്ചു. ഗോത്രമഹാസഭ ജനറൽ സെക്രട്ടറി പി.ജി.ജനാർദന്‍ മലഅരയ സംരക്ഷണ സമിതി സി.ഐ.ജോൺസൺ, പി.എ.ജോണി, പി.ആർ.സിജു എന്നിവർ പങ്കെടുത്തു.
إرسال تعليق