ന്യൂഡൽഹി: കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്‌ടർ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപകമായി ഡോക്‌ടർമാർ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ഇന്ന് രാവിലെ ആറ് മണി മുതൽ നാളെ രാവിലെ ആറ് മണി വരെ നീണ്ടു നിൽക്കുന്ന പണിമുടക്കാണ് തുടങ്ങിയത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
അവശ്യ സേവനങ്ങളും കാഷ്വാലിറ്റിയും ഒഴികെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും ശനിയാഴ്‌ച രാവിലെ 6 മുതൽ ഞായറാഴ്‌ച രാവിലെ 6 വരെ പ്രവർത്തിക്കില്ല. റസിഡന്റ് ഡോക്‌ടർമാരുടെ ജോലിയും ജീവിത സാഹചര്യങ്ങളും സമഗ്രമായി പുനഃപരിശോധിക്കുക, ജോലിസ്ഥലത്തെ അതിക്രമങ്ങൾ തടയുന്നതിനുള്ള കേന്ദ്ര നിയമം നടപ്പാക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് ഡോക്‌ടർമാർ പണിമുടക്കുന്നത്.
ആശുപത്രികളിൽ സാധാരണ ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെൻ്റ് (ഒപി) വിഭാഗങ്ങൾ പ്രവർത്തിക്കില്ല, ഒഴിവാക്കാൻ കഴിയുന്ന ശസ്ത്രക്രിയകളും നടത്തില്ല. എന്നാൽ കാഷ്വാലിറ്റിയും മറ്റ് അവശ്യ സേവനങ്ങളും പ്രവർത്തിക്കുമെന്ന് മെഡിക്കൽ ബോഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളത്തിലെ ഡോക്‌ടർമാർ ഉൾപ്പെടെ സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്‌തിരുന്നു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
അഞ്ച് ആവശ്യങ്ങളാണ് അധികൃതർക്ക് മുന്നിൽ ഐഎംഎ മുന്നോട്ട് വെച്ചിരിക്കുന്നത്. 36 മണിക്കൂർ ഡ്യൂട്ടി ഷിഫ്റ്റ് ഉൾപ്പെടെ റസിഡന്റ് ഡോക്‌ടർമാരുടെ ജോലിയുടെയും ജീവിത സാഹചര്യങ്ങളുടെയും സമഗ്രമായ പരിഷ്‌കരണം ഇതിൽ ഉൾപ്പെടുന്നു. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും ആദ്യപടിയായി നിർബന്ധിത സുരക്ഷാ അവകാശങ്ങൾ നൽകണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
വനിതാ ഡോക്‌ടറുടെ കൊലപാതകത്തെ കുറിച്ച് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സൂക്ഷ്‌മവും വിദഗ്‌ധവുമായ അന്വേഷണം നടത്തി നീതി നടപ്പാക്കണമെന്നും ഡോക്‌ടർമാരുടെ സംഘടന ആവശ്യപ്പെട്ടു. ആശുപത്രി പരിസരം നശിപ്പിച്ചവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണമെന്നും ഐഎംഎ പറഞ്ഞിരുന്നു.
രാജ്യത്തെ വിവിധ നഗരങ്ങളിൽ ഡോക്‌ടർമാർ ഇന്നലെ ആശുപത്രികൾക്കും കേന്ദ്ര സർക്കാർ ഓഫീസുകൾക്കും പുറത്ത് ഒത്തുകൂടിയിരുന്നു, ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ സമരം. അതിനിടെ റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷനുകൾ പ്രഖ്യാപിച്ച സംയുക്ത പ്രതിഷേധത്തിൽ കൊൽക്കത്ത, അമൃത്‌സർ, ചണ്ഡീഗഡ്, ഡൽഹി തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ സേവനങ്ങളെ കാര്യമായി ബാധിച്ചു.
ആഗസ്‌റ്റ് 9ന് രാവിലെ കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പിജി വിദ്യാർത്ഥിയായ യുവ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിരുന്നു. യുവതി ക്രൂര പീഡനത്തിന് ഇരയായതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
إرسال تعليق