കല്‍പ്പറ്റ: നാസറിന് നഷ്ടപ്പെട്ടത് കുടുംബത്തിലെ നാല്‍പതോളം പേരെ. രണ്ടു സഹോദരിയും അനിയനും അവരുടെ മക്കളും അടക്കം പതിനേഴുപേര്‍, ഭാര്യയുടെ കുടുംബത്തില്‍പ്പെട്ട ഏഴുപേര്‍, ഉമ്മയുടെ കുടുംബത്തിലുള്ള മറ്റുചില അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പതോളം പേരെയാണ് ഉരുള്‍പൊട്ടലില്‍ മുണ്ടകൈ സ്വദേശിയായ നാസറിന് നഷ്ടപ്പെട്ടത്. ഇതില്‍ ആറുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി അടക്കം ചെയ്തു.
ഉരുള്‍പൊട്ടലില്‍ നാസറിന്റെ വീടും ഭാഗികമായി തകര്‍ന്നു. ഭാര്യയുടെ വീടും അയല്‍പക്കത്തെ വീടുകളും മുണ്ടകൈയം ടൗണും മുഴുവനായി പോയെന്നും അവിടെ തിരിച്ചറിയാനായി ഇനി ഒന്നുമില്ലെന്നും നാസര്‍ പറഞ്ഞു.
ഒരു മാസംമുമ്പ് ചൂരല്‍മലയില്‍ പാലുകാച്ചിയ ശ്രുതിയുടെ വീട് അവിടെയില്ല. അവശേഷിക്കുന്നത് കേരളത്തെ തന്നെ പിടിച്ചുലച്ച മഹാദുരന്തത്തിന്റെ അവശേഷിപ്പ് മാത്രം. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോയെന്നു പോലും ശ്രുതിക്ക് അറിയില്ല. തന്നെ വിട്ടുപോയ അനിയത്തി ശ്രേയയുടെ മൃതദേഹം കണ്ടെടുത്തിരുന്നു.
ജോലിക്കായി കോഴിക്കോടേക്ക് പോയതിനാലാണ് ശ്രുതി മഹാദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ചൂരല്‍മലയിലെ തുന്നല്‍ തൊഴിലാളിയാണ് ശ്രുതിയുടെ അച്ഛന്‍ ശിവണ്ണന്‍. ശ്രുതി, ശ്രേയ രണ്ടു പെണ്‍മക്കളാണ് ശിവണ്ണന്‍ സബിത ദമ്പതിമാര്‍ക്കുള്ളത്.
ഡിസംബറില്‍ ശ്രുതിയുടെ കല്യാണം നിശ്ചയിച്ചിരുന്നു. ഇതിനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. കല്യാണത്തിന് സ്വരുക്കൂട്ടിയ 15 പവനും നാലു ലക്ഷം രൂപയും അടക്കമാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് ശ്രുതി ജോലിക്കായി കോഴിക്കോട്ടേക്ക് പോയത്.
തെരച്ചിലിനിടയിലാണ് കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശ്രേയയുടെ മൃതദേഹം കിട്ടിയത്. അച്ഛന്‍ ശിവണ്ണനും അമ്മ സബിതയ്ക്കുമായുള്ള തെരച്ചില്‍ തുടരുകയാണ്. കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും.
إرسال تعليق