Join News @ Iritty Whats App Group

ദുരന്തത്തിനു ശേഷം പുത്തുമല എല്‍.പി. സ്‌കൂള്‍ തുറന്നു ; കളിചിരികളും ബഹളങ്ങളുമില്ല, ആകെ എത്തിയത് മൂന്ന് കുട്ടികള്‍ ; മൊത്തം 75 കുട്ടികളില്‍ മിക്കവരും ക്യാമ്പുകളിലും ബന്ധുവീട്ടിലും


പുത്തുമല: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു ശേഷം പുത്തുമല എല്‍.പി. സ്‌കൂള്‍ തുറന്നപ്പോള്‍ എത്തിയതു മൂന്നു കുട്ടികള്‍ മാത്രം. കളിചിരികളും കുട്ടികളുടെ ബഹളവുമില്ല. ദുരന്തസ്ഥലത്തോടു ചേര്‍ന്ന സ്‌കൂളുകളില്‍ പുത്തുമല സ്‌കൂള്‍ മാത്രമാണ് തുറന്നത്.

ഇവിടെ അധ്യാപകര്‍ ക്ലാസ് മുറികളൊരുക്കി കുട്ടികള്‍ക്കായി കാത്തിരിക്കുകയാണ്. സ്‌കൂളിലെ ആകെയുള്ള 75 കുട്ടികളില്‍ മിക്കവരും ക്യാമ്പുകളിലും ബന്ധുവീടുകളിലുമാണ്.

നീണ്ട അവധിക്ക് ശേഷം ഹാദിയും അംനയും എയ്മിയും മാത്രമാണ് സ്‌കൂളില്‍ എത്തിയത്. കൂട്ടുകാരാരും വന്നിട്ടുമില്ല. അവര്‍ക്ക് എന്നു വരാന്‍ കഴിയുമെന്നും അറിയില്ല. ഭയങ്കരപേടിയായിരുന്നെന്നും തന്റെ ചേച്ചിയുടെ കൂട്ടുകാരികളൊക്കെ മരിച്ചുപോയെന്നും പറയുന്നു എയ്മി.

അഞ്ചു വര്‍ഷം മുമ്പുണ്ടായ പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഓര്‍മപ്പെടുത്തല്‍പോലെ തേയില തോട്ടങ്ങള്‍ക്കിടയില്‍ പഴയ സ്‌കൂള്‍ കെട്ടിടം ഇപ്പോഴുമുണ്ട്. ഇതിന്റെ താഴ്‌വാരത്താണ് പുതിയ സ്‌കൂള്‍ കെട്ടിടം. അന്നത്തെ ഉരുള്‍പൊട്ടലിന്റെ ഭീതി ഇപ്പോഴും ഈ പ്രദേശത്തെ വിട്ടൊഴിഞ്ഞിട്ടില്ല. അന്നും ഇന്നും ഉരുള്‍പൊട്ടല്‍ ദുരിതം നേരിട്ടവരും പുത്തുമല സ്‌കൂളിലുണ്ട്. ശക്തമായൊരു മഴ പെയ്താല്‍ ഹാജര്‍നില കുറയും.

ഇപ്പോഴത്തെ ദുരന്തത്തില്‍ പല കുട്ടികളുടേയും ബന്ധുക്കളെല്ലാവരും മരിച്ചു. അതവര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. എല്ലാവരും കടുത്ത വിഷമത്തിലാണെന്ന് സ്‌കൂളിലെ സ്റ്റാഫ് ആയ ഷീജ പറഞ്ഞു.

അഞ്ചുവര്‍ഷത്തിന് ശേഷം ഈ വിദ്യാലയത്തെ വീണ്ടും ദുരന്തം ബാധിച്ചതുപോലെയാണ് തോന്നുന്നതെന്ന് പ്രധാനാധ്യാപകനായ ഷാജി പറയുന്നു. കുട്ടികള്‍ക്കെല്ലാം കൗണ്‍സലിങ് ഉള്‍പ്പെടെ നല്‍കേണ്ടതുണ്ടെന്നും ഷാജി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group