മേപ്പാടി: വയനാട് ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തെ 58 കുടുംങ്ങളിലെ എല്ലാവരും മരണപ്പെട്ടുവെന്ന് മന്ത്രി കെ.രാജൻ. ഒരു മാസം കൊണ്ട് താത്കാലിക പുനരധിവാസം പൂർത്തിയായെന്നും മന്ത്രിസഭ ഉപസമതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരണാന്തര ധനസഹായമായി 93 കുടുംബങ്ങള്‍ക്ക് എട്ടു ലക്ഷം രൂപ വിതരണം ചെയ്തുവെന്നും റവന്യൂമന്ത്രി പറഞ്ഞു. എന്നാൽ ധനസഹായ വിതരണത്തിൽ വലിയ പാളിച്ചയുണ്ടായെന്ന് ആരോപിച്ച് കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് രംഗത്തെത്തി.
ധനസഹായ വിതരണത്തിന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ പങ്കാളിത്തം തങ്ങൾ നിർദേശിച്ചിരുന്നുവെന്നും എന്നാൽ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ ഇൻഷുറൻസ് തുകകൾ കൃത്യമായി നൽകാൻ കഴിയുന്നില്ല. 10,000 രൂപ അടിയന്തര ധനസഹായം നൽകുന്നതിലും വീഴ്ചയുണ്ടായി. ധനസഹായ വിതരണം കുഴപ്പത്തിലായപ്പോഴാണ് പഞ്ചായത്തിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെടുന്നത്. ധനസഹായ വിതരണത്തിന് പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം വേണ്ടെന്ന് മന്ത്രിസഭ ഉപസമിതിയാണ് തീരുമാനിച്ചത്. ഉദ്യോഗസ്ഥന്മാർ നേരിട്ട് ചെയ്യുമെന്നാണ് സർക്കാർ കരുതിയത്.
എന്നാൽ സമയ ബന്ധിതമായി ഇത് ചെയ്യാൻ കഴിയുന്നില്ലെന്നത് ഖേദകരമാണ്. സന്നദ്ധ സംഘടനകളാണ് വീടുകളിലേക്കുള്ള ഫർണിച്ചറുകൾ നൽകുന്നത്. സർക്കാർ പ്രവർത്തനം ഏകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ധനസഹായം വൈകുന്നത് ഒഴിവാക്കണം. ഒരാഴ്ച കൊണ്ട് ചെയ്തുതീർക്കാൻ കഴിയുന്ന പ്രവർത്തിയാണ് വൈകുന്നതെന്നും അദ്ദേഹം വിമർശിച്ചു.
إرسال تعليق