Join News @ Iritty Whats App Group

ഡിവൈഎഫ്ഐ പോർക്ക് ചലഞ്ച്: മികച്ച സഹകരണവുമായി നാട്ടുകാർ, വിറ്റത് 517 കിലോ പന്നി ഇറച്ചി

കൊച്ചി: വയനാട് ഉരുള്‍പ്പൊട്ടലില്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഡി വൈ എഫ് ഐ നടത്തി വരുന്നത്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി ഡി വൈ എഫ് ഐ കോതമംഗലം നോർത്ത് കമ്മിറ്റി സംഘടിപ്പിച്ച പോർക്ക് ചലഞ്ചിനെതിരെ വിമർശനവുമായി നാസർ ഫൈസി കൂടത്തായി അടക്കമുള്ള ചില സമുദായിക നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

ചിലർ വിവാദങ്ങള്‍ ഉയർത്തിയെങ്കിലും പോർക്ക് ഫെസ്റ്റിന് ജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്നാണ് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി രഞ്ജിത് സിടി വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്. ആകെ 517 കിലോ ഇറച്ചിയാണ് വിറ്റത്. പന്നിക്ക് സാധാരണയായി നല്ല ഡിമാന്റുള്ള മേഖലയാണ് ഞങ്ങളുടേത്. എങ്കില്‍ പതിവായി മറ്റ് ഷോപ്പുകളില്‍ നടക്കുന്നതില്‍ കൂടുതല്‍ അളവില്‍ ഇറച്ചി ഇവിടെ വിറ്റുപോയിട്ടുണ്ടെന്നും രഞ്ജിത് പറയുന്നു.

പതിവായി മറ്റ് കടകളില്‍ നിന്ന് വാങ്ങുന്ന പലരും നമ്മളോട് സഹകരിച്ചു. പിന്നെ നല്ല രീതിയില്‍ പ്രചരണവും കിട്ടിയിരുന്നല്ലോ. സ്റ്റാളില്‍ വെച്ചുള്ള കച്ചവടത്തേക്കാള്‍ ഉപരി ഞങ്ങള്‍ നേരത്തെ തന്നെ വീടുകളുമായി ബന്ധപ്പെട്ട് ഓർഡർ സ്വീകരിച്ചിരുന്നു. മേഖല കമ്മിറ്റിക്ക് കീഴില്‍ 9 യൂണിറ്റ് കമ്മിറ്റകളുണ്ട്. അവർ നല്ല രീതിയില്‍ പ്രവർത്തിച്ച് ഓർഡർ പിടിച്ചു. ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് അങ്ങനെയാണ്. 350 കിലോയ്ക്ക് മുകളില്‍ ഇറച്ചി അത്തരത്തില്‍ വീടുകളില്‍ എത്തിച്ചിട്ടുണ്ട്.

150 കിലോയോളമാണ് സ്റ്റാളില്‍ വെച്ച് വിറ്റത്. ഒരു കിലോ പന്നിക്ക് 375 രൂപ എന്ന നിരക്കിലാണ് വില്‍പ്പന നടത്തിയത്. ആകെ ലാഭമായി എഴുപതിനായിരത്തോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. പന്നി എടുത്ത ഫാമിലുള്ളവർക്ക് പൈസ കൊടുത്തിട്ടില്ല. ഇത്തരം ഒരു കാര്യം ആയതുകൊണ്ട് തന്നെ അവർ പരമാവധി കുറഞ്ഞ വിലയില്‍ കാര്യങ്ങള്‍ ചെയ്തു തരാമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ കണക്കും കഴിയുമ്പോള്‍ 65 നും 75 നും ഇടയ്ക്കുള്ള ഒരു തുക ലാഭമായി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിത് പറയുന്നു.


നെഗറ്റീവ് പ്രചരണങ്ങളെ നമ്മള്‍ കാര്യമായി എടുക്കുന്നില്ല. നമ്മുടെ പ്രദേശത്ത് കൂടുതലായി വിറ്റു പോകുന്ന വസ്തു എന്ന നിലയിലാണ് പോർക്ക് ചലഞ്ച് വെച്ചത്. കോതമംഗലം മുന്‍സിപ്പാലിറ്റിയുടെ ഏഴ് വാർഡുകള്‍ പൂർണ്ണമായും മൂന്ന് വാർഡുകള്‍ ഭാഗികമായും ഞങ്ങളുടെ മേഖലയ്ക്ക് കീഴില്‍ വരുന്നുണ്ട്. ഈ പ്രദേശത്തിന് അകത്ത് മുസ്ലിം സമുദായത്തില്‍പ്പെട്ട ആരും താമസിക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രാദേശികമായി ഇതൊരു വിഷയമേ അല്ല.

ചില കേന്ദ്രങ്ങള്‍ മനഃപ്പൂർവം ഇതൊരു വിവാദമായി ഉയർത്തിക്കൊണ്ടുവരികയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള സാമുദായി സ്പർദ്ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയല്ല ഞങ്ങള് ഇത്തരമൊരു ചലഞ്ച് നടത്തിയത്. സാധാരണയായി പന്നി വാങ്ങിക്കുന്ന വീടുകളില്‍ കയറിയാണ് ഞങ്ങള്‍ ഓർഡർ എടുത്തത്. വയനാട് ദുരിതാശ്വാസത്തിനായി പരമാവധി പണം കണ്ടെത്തുക എന്നുള്ളത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്നും രഞ്ജിത് കൂട്ടിച്ചേർത്തു.

Post a Comment

أحدث أقدم
Join Our Whats App Group