കർണ്ണാടകയിലെ ഷിരൂരിൽ സാഹചര്യങ്ങളെല്ലാം അനുകൂലമെന്ന് കാർവർ എസ്‍പി നാരായണ. മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിലിനായി നാവികസേനയുടെ മുങ്ങൽ വിദഗ്ദ്ധരും ഇറങ്ങുമെന്ന് എസ്‌പി അറിയിച്ചു. പുഴയുടെ ഒഴുക്കിന്റെ വേഗം 2 നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്നും നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തിരച്ചിലിൽ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു.
കഴിഞ്ഞ ദിവസം കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തിരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല. പൂർണ തോതിലുള്ള ഒരു തെരച്ചിൽ ആകും ഇന്ന് തുടങ്ങുക. നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വർ മാൽപേയുടെ ഒരു സംഘവും തിരച്ചിലിന് ഇറങ്ങും. ഇന്ന് രാവിലെ 10 മണിക്ക് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുമെന്ന് കാർവർ എസ്പി അറിയിച്ചു.
നാവിക സേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് പൊലീസ് എന്നീ സേനകൾ പുഴയിലെ തിരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റർ റൂട്ടീൻ തിരച്ചിലിന്റെ ഭാഗമായി സർവയലൻസ് സഹായത്തിനും ഉണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.
അതേസമയം ഇന്നലെ ഈശ്വർ മൽപെ നടത്തിയ തിരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ലഭിച്ചത് അര്‍ജുന്റെ ലോറിയുടെ ജാക്കിയാണെന്ന് ഉടമ മനാഫ് തിരിച്ചറിഞ്ഞിരുന്നു. പുഴയിലെ ഒഴുക്ക് കുറഞ്ഞതായും പുഴയുടെ അടിത്തട്ട് ഇപ്പോള്‍ കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞിരുന്നു. ഇന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ വിശദമായ പരിശോധന നടത്തുമെന്നും ഈശ്വർ മൽപേ അറിയിച്ചിരുന്നു. ഈശ്വര്‍ മാല്‍പെയ്‌ക്കൊപ്പം മത്സ്യത്തൊഴിലാളികളും പരിശോധനയ്ക്കിറങ്ങും. അര്‍ജുന്റെ ലോറി കണ്ടെത്തി ക്യാബിന്‍ തുറക്കുകയെന്നതാണ് രക്ഷാപ്രവര്‍ത്തകരുടെ ലക്ഷ്യം.
إرسال تعليق