Join News @ Iritty Whats App Group

"എന്റെ അച്ഛൻ ആരാണെന്ന് നിങ്ങൾക്കറിയില്ല'; വാഹനമിടിച്ച് 2 പേരെ കൊന്ന ശേഷം യുവതിയുടെ ആക്രോശം

ലാഹോർ > അലക്ഷ്യമായി വാഹനമോടിച്ച് രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം ആൾക്കൂട്ടത്തെ ഭീഷണിപ്പെടുത്തുന്ന പാകിസ്ഥാനി യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഈ മാസം 19ന് കറാച്ചിയിലെ കർസാസിലാണ് സംഭവം. പ്രമുഖ പാകിസ്ഥാനി വ്യവസായി ഡാനിഷ് ഇഖ്ബാലിന്റെ ഭാര്യ നതാഷ ഡാനിഷാണ് തന്റെ ടൊയോട്ട ലാൻഡ് ക്രൂയിസർ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയത്. അപകടത്തിൽ അച്ഛനും മകളും മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലൊരാളുടെ നില ​ഗുരുതരമാണ്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയവർക്ക് നേരെയുള്ള നതാഷയുടെ പെരുമാറ്റമാണ് ഇപ്പോൾ വൈറലാകുന്നത്. അപകടത്തിനുശേഷം ഇവർ യാതൊരു കൂസലുമില്ലാതെ കാമറയിലേക്ക് നോക്കി ചിരിക്കുകയും ചുറ്റും കൂടിനിൽക്കുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. തന്റെ കുടുംബത്തിന്റെ സ്വാധീനത്തെകുറിച്ച് യുവതി പറയുന്നുണ്ട്. "തും മേരേ ബാപ് കോ നഹി ജാൻതേ (എന്റെ അച്ഛൻ ആരാണെന്ന് നിങ്ങൾക്കറിയില്ല)" എന്ന് യുവതി പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. വീഡിയോയ്ക്ക് താഴെ കടുത്ത രോഷ പ്രകടനങ്ങളാണ് നടക്കുന്നത്.

അപകടത്തിനുശേഷം നതാഷ കോടതിയിൽ ഹാജരായില്ല. തന്റെ കക്ഷിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ യുവതിക്ക് ചികിത്സിക്കേണ്ട പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം.

Post a Comment

أحدث أقدم
Join Our Whats App Group