Join News @ Iritty Whats App Group

വയനാട്ടിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ പരിസ്ഥിതിലോല പ്രദേശം ; കരട് വിജ്ഞാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ രണ്ട് താലൂക്കുകളിലെ 13 വില്ലേജുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ട മേഖലയെ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കി കരട് വിജ്ഞാപനമിറക്കി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ 131 വില്ലേജുകള്‍ കരട് വിജ്ഞാപനത്തിലെ പട്ടികയില്‍ ഉണ്ട്. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിലെ 56,800 ചതുരശ്ര കിലോമീറ്റര്‍ പശ്ചിമഘട്ടത്തെയാണ് പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കി വിജ്ഞാപനം ഇറക്കിയിട്ടുള്ളത്.

എതിര്‍പ്പുകളും നിര്‍ദേശങ്ങളും 60 ദിവസത്തിനകം അറിയിക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനോടകം മുന്നൂറിലധികം മരണങ്ങള്‍ സ്ഥിരീകരിച്ച വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായതിന് പിന്നാലെ ജൂലൈയ് 31-നാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തില്‍ കരട് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ ക്വറി ഉള്‍പ്പടെയുള്ള എല്ലാത്തരം ഖനനങ്ങള്‍ക്കും കരട് വിജ്ഞാപനത്തില്‍ പൂര്‍ണ്ണ നിരോധനം നിര്‍ദേശിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ഖനികള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും നിര്‍ദേശിക്കുന്നു.

പുതിയ താപവൈദ്യുത പദ്ധതികളും ഇത് നിരോധിക്കുന്നു. നിലവിലുള്ള പദ്ധതികള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാമെന്നും എന്നാല്‍, വിപുലീകരണം അനുവദിക്കില്ലെന്നും കരടില്‍ പറയുന്നു. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും ഒഴികെ, വലിയ തോതിലുള്ള നിര്‍മാണ പദ്ധതികളും ടൗണ്‍ഷിപ്പുകളും ഇതിലൂടെ നിരോധനം വരും.വിജ്ഞാപനത്തില്‍ ഗുജറാത്തില്‍ 449 ച.കിമീ, മഹാരാഷ്ര്ടയില്‍ 17340 ച.കിമീ, ഗോവയില്‍ 1461 ച.കിമീ, കര്‍ണാടകയില്‍ 20668 ച.കിമീ, തമിഴ്‌നാട്ടില്‍ 6914 ച.കിമീ എന്നിങ്ങനെ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group