Join News @ Iritty Whats App Group

മുണ്ടക്കൈയിലെ അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് കഴിഞ്ഞയാഴ്ച വിരുന്ന് പോയി ; രാത്രി 12 മണിക്ക് ശേഷം കാണാതായി ; ഇന്നലെ കണ്ടെത്തിയത് ജസ്റ്റിന്‍ തോമസിന്റെ മൃതദേഹം

നെന്മാറ: വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നെന്മാറ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പോത്തുണ്ടി നെല്ലിച്ചോട് സ്വദേശിയായ സെബാസ്റ്റിയന്റെ മകന്‍ ജസ്റ്റിന്‍ തോമസി(26)ന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ജസ്റ്റിനെ കാണാതായിരുന്നു.

യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് കുടുംബം വയനാട് അന്വേഷണം നടത്തുകയായിരുന്നു. അമ്മയുടെ അനുജത്തിയുടെ മുണ്ടക്കൈയിലുള്ള വീട്ടിലേക്ക് കഴിഞ്ഞയാഴ്ച വിരുന്ന് പോയതായിരുന്നു ജസ്റ്റിന്‍. തിങ്കളാഴ്ച രാത്രി 12 മണി വരെ ജസ്റ്റിന്‍ അമ്മയുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ എല്‍.പി. സ്‌കൂളിന്റെ സമീപത്തായിരുന്നു ബന്ധുവിന്റെ വീട്.

ജസ്റ്റിന്‍ ഉള്‍പ്പെടെ ഈ വീട്ടിലെ അഞ്ചുപേരെയും ദുരന്തത്തില്‍ കാണാതായിട്ടുണ്ട്. ബന്ധുക്കള്‍ വയനാട്ടിലേക്ക് ചൊവ്വാഴ്ച പോയിരുന്നു. കഴിഞ്ഞ രണ്ട് ദിവസവും ജസ്റ്റിനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ആശങ്കിലായിരുന്നു. ദിവസങ്ങള്‍ വൈകിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച ദ്രുതകര്‍മ്മ സേന നടത്തിയ തെരച്ചിലിലാണ് മൃതശരീരം കണ്ടെടുത്തത്.

കോയമ്പത്തൂരില്‍ മെക്കാനിക് എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് ജസ്റ്റിന്‍. ബംഗളൂരുവില്‍നിന്നും കോയമ്പത്തൂരെത്തിയ ബന്ധുവിന്റെ കൂടെയാണ് ജസ്റ്റിന്‍ വയനാട്ടിലേക്ക് പോയത്. ഈ കുടുംബത്തിലെ നാലുപേരാണ് ദുരന്തത്തില്‍പ്പെട്ടത്. ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയിലാണ്. ജസ്റ്റിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകീട്ട് ഏഴരയോടെ പോത്തുണ്ടിയില്‍ എത്തിച്ചു. പ്രദേശവാസികള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാത്രി ഒമ്പതു മണിയോടെ സംസ്‌കരിച്ചു. ജസ്റ്റിന്റെ അമ്മ: ഷീജ. സഹോദരി: സജി.

Post a Comment

أحدث أقدم
Join Our Whats App Group