ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിനെ താഴയിറക്കാൻ ബി ജെ പി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എം എൽ എമാർക്ക് 100 കോടി വരെയാണ് ബി ജെ പിയുടെ വാഗ്ദാനമെന്നും സിദ്ധരാമയ്യ ആരോപിച്ചു.
'എം എൽ എ രവികുമാർ ഗൗഡ പറഞ്ഞത് എം എൽ എമാർക്ക് 100 കോടിയാണ് ബി ജെ പിയുടെ വാഗ്ദാനം എന്നാണ്. കർണാടകത്തിൽ ബി ജെ പി അധികാരം പിടിച്ചത് തന്നെ ഓപറേഷൻ താമരയിലൂടെയാണ്. ജനങ്ങളുടെ അനുഗ്രഹത്തോടെ അവർ ഒരിക്കലും അധികാരത്തിലേറിയിട്ടില്ല. 2008 ലും 2019 ലും അവർ സംസ്ഥാനത്ത് ഓപറേഷൻ താമര പയറ്റി, പിൻവാതിലിലൂടെ ഭരണത്തിലേറി', സിദ്ധരാമയ്യ പറഞ്ഞു.
കോൺഗ്രസിന് 136 എം എൽ എമാർ ഉണ്ടെന്നത് ബി ജെ പി ഓർക്കണം. സർക്കാരിനെ താഴെയിറക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഭരണം പിടിക്കണമെങ്കിൽ 60 എം എൽ എമാരെയെങ്കിലും ബി ജെ പിക്ക് രാജിവെയ്പ്പിക്കേണ്ടി വരും. പണം കൊടുത്ത് ഞങ്ങളുടെ എം എൽ എമാരെ ആരേയും ചാക്കിലാക്കാൻ സാധിക്കുമെന്ന് ബി ജെ പി കരുതേണ്ട', സിദ്ധരാമയ്യ പറഞ്ഞു.
ബി ജെ പിയിൽ ചേരാൻ തനിക്ക് 100 കോടി ബി ജെ പി വാഗ്ദാനം ചെയ്തതായി മാണ്ഡ്യ എം എൽ എയായ രവികുമാർ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 50 എം എൽ എമാർക്ക് വേണ്ടിയാണ് പറഞ്ഞ് കഴിഞ്ഞ ദിവസം ഒരാൾ വിളിച്ചുവെന്നായിരുന്നു രവികുമാർ ആരോപിച്ചത്. കഴിഞ്ഞ വർഷം 50 കോടിയാണ് വാഗ്ദാനം ചെയ്തതെങ്കിൽ ഇത്തവണ അത് 100 കോടിയായെന്നും പണം അവരുടെ കൈയ്യിൽ തന്നെ വെച്ചോയെന്നാണ് താൻ പറഞ്ഞതെന്നും രവി കുമാർ പറഞ്ഞു.
അതിനിടെ മുഡ ഭൂമിയിടപാട് കേസിൽ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ശശികല ജൊല്ലെ, കുമാരസ്വാമി, മുരുഗേഷ് നിരാനി എന്നീ ബിജെപി, ജെഡിഎസ് നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നത് നീട്ടിക്കൊണ്ടുപോയ ഗവർണർ തന്റെ കാര്യത്തിൽ ഒരു അന്വേഷണവും നടത്താതെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയെന്നും ഇതിൽ നിന്ന് തന്നെ രാഷ്ട്രീയക്കളി വ്യക്തമാണെന്നും സിദ്ധരാമയ്യ പറഞ്ഞു
إرسال تعليق