Join News @ Iritty Whats App Group

എടിഎം കാർഡിന് സർവീസ് ചാർജ് പിടിച്ചു; പിന്നാലെ നിയമ പോരാട്ടം, നഷ്ടവും പലിശയും ചെലവും വാങ്ങിയെടുത്ത് ദമ്പതിമാര്‍

കോട്ടയം: സൗജന്യമായി നൽകിയ എടിഎം കാർഡിന് മുന്നറിയിപ്പില്ലാതെ വാർഷിക മെയിന്റനൻസ് ചാർജ് ഈടാക്കി എന്ന പരാതിയിൽ തപാൽവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻ. സർവീസ് പെൻഷൻകാരും കോട്ടയം കാരപ്പുഴ സ്വദേശികളുമായ വി കെ.കൃഷ്ണകൈമളും ഭാര്യയുമാണ് പരാതിക്കാർ.

കോട്ടയം പോസ്റ്റ് ഓഫീസിൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചപ്പോഴാണ് എ ടി എം കാർഡുകൾ നൽകിയത്. ഇവ സൗജന്യമാണെന്ന ഉറപ്പും നൽകിയിരുന്നു. പരാതിക്കാർ എ ടി എം കാർഡുകൾ സജീവമാക്കിയില്ല. എന്നാൽ മുന്നറിയിപ്പില്ലാതെ ഇവരുടെ സേവിങ്‌സ് അക്കൗണ്ടിൽ നിന്ന് എ ടി എം. കാർഡുകളുടെ വാർഷിക മെയിന്റെനൻസ് ചാർജായി 147 രൂപ വീതം ഈടാക്കി. തുടർന്നു പരാതിക്കാർ കാർഡു തിരികെ നൽകി ഈടാക്കിയ തുക മടക്കിനൽകണമെന്നാവശ്യമുന്നയിച്ചെങ്കിലും നൽകാനാവില്ലെന്നു തപാൽ വകുപ്പ് വ്യക്തമാക്കി. 

തുടർന്നാണു പരാതിക്കാർ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മുൻകൂട്ടി പറയാതിരുന്ന മെയിന്റനൻസ് ചാർജ്ജ് ഈടാക്കിയത് എതിർകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സേവന ന്യൂനതയാണെന്ന് വിലയിരുത്തിയ കമ്മിഷൻ ഒമ്പതുശതമാനം പലിശ നിരക്കിൽ സർവീസ് ചാർജ് തിരികെ നൽകാൻ ഉത്തരവിട്ടു. 

കൂടാതെ നഷ്ടപരിഹാരമായി 5000 രൂപയും കോടതിചെലവായി 2000 രൂപയും എതിർകക്ഷിയായ കോട്ടയം പോസ്റ്റ് ഓഫീസ് അധികൃതർ നൽകണമെന്ന് അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും ആർ.ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group