കണ്ണൂർ: ഇരിട്ടിയിൽ വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ. അഞ്ചരക്കണ്ടി സ്വദേശി ഓടിച്ച കാറും, ആറളം സ്വദേശി ഓടിച്ച ഓട്ടോയുമാണ് വയോധികനെ ഇടിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ ഇടുക്കി സ്വദേശിയായ രാജൻ വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കീഴൂരിലെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന രാജൻ ആദ്യം കാല് തെറ്റി റോഡിലേക്ക് വീണു. എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് പിന്നാലെ പാഞ്ഞെത്തിയ രണ്ടു വാഹനങ്ങളിടിച്ച് രാജന് ഗുരുതരമായി പരിക്കേൽക്കുന്നത്.
ആറളം സ്വദേശി ഓടിച്ച ഓട്ടോയാണ് ആദ്യം ഇടിച്ചത്. പിന്നാലെ എത്തിയ അഞ്ചരക്കണ്ടി സ്വദേശിയുടെ കാറും ശരീരത്തിലൂടെ കേറി ഇറങ്ങി. നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനങ്ങളുടെ വിശദമായ പരിശോധന നടക്കുന്നുണ്ട്. ഇടിച്ച രണ്ടു വണ്ടികളും നിർത്താതെ കടന്നു പോവുകയായിരുന്നു. പിന്നീട് എത്തിയ വാഹനത്തിലെ ഡ്രൈവർമാരാണ് രാജനെ ആശുപത്രിയിൽ എത്തിച്ചത്.പരിയാരം മെഡിക്കൽ കോളജിൽ വച്ച് വെള്ളിയാഴ്ച പുലർച്ചെയാണ് രാജൻ മരിച്ചത്.
إرسال تعليق