Join News @ Iritty Whats App Group

അവിഹിതമെന്ന സംശയത്തില്‍ കലയെ കൊന്ന് കുഴിച്ചുമൂടിയതോ? സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തിയത് മൃതദേഹാവശിഷ്ടങ്ങള്‍; രണ്ടാമത്തെ ടാങ്കും പരിശോധനയ്ക്കായി തുറന്നു

ആലപ്പുഴ മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെത്തി. പരിശോധനയില്‍ ലഭിച്ച അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കാണാതായ കലയുടേതാണെന്ന് സ്ഥിരീകരിക്കാനാകൂ. കലയുടെ ഭര്‍ത്താവ് അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ ലഭിച്ചത്.

അനിലിന്റെ വീടിനോട് ചേര്‍ന്ന് നേരത്തെ സെപ്റ്റിക് ടാങ്ക് നിലനിന്നിരുന്ന സ്ഥലത്ത് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിച്ചാണ് പരിശോധന. പഴയ സെപ്റ്റിക് ടാങ്കില്‍ നിന്ന് അവശിഷ്ടങ്ങള്‍ ലഭിച്ചതോടെ പുതിയ സെപ്റ്റിക് ടാങ്കും തുറന്ന് പരിശോധിക്കുന്നുണ്ട്. കലയുടെ ഭര്‍ത്താവ് അനില്‍ ഇസ്രായേലില്‍ ജോലി ചെയ്തുവരുകയാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

കലയെ ഭര്‍ത്താവ് അനിലും ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ച് പേരും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതെന്നായിരുന്നു പൊലീസിന് ലഭിച്ച മൊഴി. ഇതേ തുടര്‍ന്ന് അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനുരാജന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലെടുത്ത ജിനു രാജനെ സ്ഥലത്തെത്തിച്ചാണ് പൊലീസ് മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടത്തുന്നത്. കലയും അനിലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു.

വിവാഹത്തില്‍ അനിലിന്റെ കുടുംബത്തിന് താത്പര്യമില്ലാതിരുന്നതിനാല്‍ വിവാഹ ശേഷം ഇരുവരും ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്നു. തുടര്‍ന്ന് കലയെ ബന്ധുവീട്ടില്‍ നിര്‍ത്തി അനില്‍ വിദേശത്ത് ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ കലയ്ക്ക് നാട്ടില്‍ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നാട്ടിലെത്തിയ അനിലും കലയുമായി തര്‍ക്കങ്ങളുണ്ടായി.

പിന്നാലെ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് കല നിര്‍ബന്ധം പിടിച്ചതോടെ അനില്‍ അനുനയത്തിന്റെ പാതയിലായി. വാടകയ്‌ക്കെടുത്ത കാറില്‍ കലയുമായി കുട്ടനാട് ഭാഗത്ത് യാത്ര പോയ അനില്‍ കാറില്‍ വച്ച് കലയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹയാത്തോടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

പൊലീസ് കസ്റ്റഡിയിലുള്ള അനിലിന്റെ ഒരു ബന്ധു ഭാര്യയെയും മക്കളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഇയാള്‍ ഭാര്യയെ ാക്രമിക്കുന്ന സമയം കലയുടെ മരണത്തെ കുറിച്ച് പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. കലയെ പോലെ നിന്നെയും കൊന്ന് കുഴിച്ചുമൂടുമെന്നായിരുന്നു ഇയാളുടെ ഭീഷണി.

മൂന്ന് മാസത്തിന് മുന്‍പ് കലയുടെ മരണവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഊമക്കത്താണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. ഒരു ഭിന്നശേഷിക്കാരന്‍ ഉള്‍പ്പെടെ കലയ്ക്ക് രണ്ട് സഹോദരന്‍മാരാണുള്ളത്. കലയെ കാണാതാകുമ്പോള്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ടായിരുന്നു.

കലയെ കാണാനില്ലെന്ന് കാണിച്ച് അന്ന് അനില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പുരോഗതി ഇല്ലാതിരുന്നതോടെ പതിയെ എല്ലാവരും കലയെ മറക്കുകയായിരുന്നു. പിന്നാലെ അനില്‍ വീണ്ടും വിവാഹിതനായി. ഇതില്‍ അനിലിന് രണ്ട് കുട്ടികളുമുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group