ഒറ്റ മഴയില്‍ തന്നെ ചെളിക്കുളമായി മാറുന്ന നരിക്കുണ്ടം റോഡിലൂടെയുള്ള യാത്ര അതീവ ദുസഹമാകുന്നു
ഇരിട്ടി താലൂക്ക് ആശുപത്രി റോഡിനെയും നേരംപോക്ക്-എടക്കാനം റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ഇത്തരത്തില്‍ ചെളിക്കുളമായി മാറിയിരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്നതാണ് ഒരു കിലോമീറ്ററില്‍ താഴെ മാത്രം ദൈർഘ്യമുള്ള ഈ റോഡ്. വെള്ളക്കെട്ടിനു പുറമേ റോഡ് തകർന്ന നിലയിലാണ്.
പായം പഞ്ചായത്തിലെ ജല്‍ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇരിട്ടി ഹൈസ്‌കൂള്‍ കുന്നിലെ വാട്ടർ അഥോറിറ്റിയുടെ വാട്ടർ ടാങ്കില്‍ നിന്നും ഇരിട്ടി പുഴവഴി കടന്നു പോകുന്ന പൈപ്പ് ലൈനുകള്‍ ഈറോഡ് വഴിയാണ് കടന്നുപോകുന്നത്. കാലവർഷം തുടങ്ങുന്നതിന് ഏതാനും ആഴ്ചകള്‍ മുന്പായിരുന്നു റോഡ് കീറി പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചത്. എന്നാല്‍, റോഡ് പൂർവസ്ഥിതിയില്‍ ആക്കുന്നതില്‍ ബന്ധപ്പെട്ടവർ കാണിച്ച വീഴ്ചയാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. പലയിടങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടതിനു പുറമേ മഴവെള്ളത്തിനൊപ്പം ഒലിച്ചു വന്ന കല്ലും ചെളിയും റോഡില്‍ നിരന്നു കിടക്കുകയാണ്. റോഡിന്‍റെ ശോച്യാവസ്ഥ കാരണം ഓട്ടോറിക്ഷകള്‍ ഇതുവഴി സർവീസ് നടത്താത്തും വലിയ യാത്രാക്ലേശത്തിന് ഇടയാക്കുന്നുണ്ട്.
എടക്കാനം റോഡിലേക്ക് എത്തിച്ചേരുന്നതിന് മുന്പുള്ള വളവില്‍ മഴക്കാലം തുടങ്ങുന്നതോടെ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. ടാർ ചെയ്യുന്നതിന് മുന്പ് മണ്‍റോഡായിരുന്ന കാലത്തും ഇവിടെ വെള്ളക്കെട്ട് രൂക്ഷമായിരുന്നു. റോഡിനരികിലൂടെ കല്ലിട്ടാണ് അന്ന് കാല്‍നടയാത്രക്കാർ ഈ ചെളിക്കുളം കടന്നു പോയിരുന്നത്. എന്നാല്‍, റോഡ് ടാർചെയ്യുന്ന സമയത്ത് ഇവിടം ഉയർത്തി വെള്ളം ഒഴുക്കിക്കളയാനുള്ള നടപടി സ്വീകരിക്കാതത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
إرسال تعليق