ഇരിട്ടി: പൂവം പുഴയുടെ അടിത്തട്ടില്‍ പൊലിഞ്ഞ ജീവിതങ്ങളുടെ കണക്കുകളില്‍ ഇനി ഷഹർബാനയും സൂര്യയും. പുഴയോരത്തുള്ള സഹപാഠിയുടെ വീട്ടിലെത്തിയ കൂട്ടുകാരികള്‍ മഴയുടെയും പുഴയുടെയും സൗന്ദര്യത്തില്‍ മതിമറന്ന നിമിഷത്തിലായിരുന്നു അപ്രതീക്ഷിതമായി അപകടം.
പ്രദേശവാസികള്‍ പോലും ഭയത്തോടെ കാണുന്ന പൂവത്തിന്‍റെ അപകടം നിറഞ്ഞ കടവില്‍ ജില്ലയുടെ മുഴുവൻ ഫോഴ്സും ഒത്തുചേർന്ന 43 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനം. കണ്ണിമയ്ക്കാതെ കാത്തുനിന്ന പ്രദേശവാസികള്‍.
ബന്ധുക്കളെന്നോ കൂടപ്പിറപ്പുകളെന്നോ സഹപാഠികള്‍ എന്നോ അറിയില്ല, പുഴക്കരയില്‍ കാത്തുനിന്ന ഓരോ മുഖത്തും ദുഃഖം തളംകെട്ടിനിന്നു. കൂട്ടുകാരികള്‍ അപ്രതീക്ഷിതമായി മരണത്തിന്‍റെ കയങ്ങളിലേക്ക് മുങ്ങിത്താണത് വിശ്വസിക്കാനാകാതെ വിതുമ്ബുകയാണ് മറ്റ് വിദ്യാർഥികള്‍. ഒരുവർഷം മുന്പ് ഒരു വാഹനാപകടത്തില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഷഹർബാനയുടെ ഉപ്പ മരണമടഞ്ഞ് രണ്ടുമാസം പൂർത്തിയാകുന്നതിന് മുന്പ് മകളുടെ വേർപാട് കുടുംബത്തിന് തീരാവേദനയായി. രണ്ട് പെണ്‍കുട്ടികളില്‍ മൂത്തയാള്‍ അപ്രതീക്ഷിതമായി മരണത്തിന്‍റെ പിടിയിലമർന്ന സൂര്യയുടെ കുടുംബവും തീരാദുഖത്തിലാണ്.
ഇരുകുടുംബത്തെയും ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും അവർക്കൊപ്പം വിതുമ്ബിപ്പോകുന്നു. പൂവത്തെ കടവില്‍ കാത്തുകിടന്നു രണ്ടാമത്തെ ആംബുലൻസും കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലേക്ക് യാത്രതിരിച്ചതോടെ കൂടിനിന്ന ജനവും ദുഃഖം നെഞ്ചില്‍ പേറി തിരിഞ്ഞുനടന്നു.
43 മണിക്കൂർ രക്ഷാദൗത്യം
ഇരിട്ടി: പൂവം പുഴയില്‍ കാണാതായ വിദ്യർഥികള്‍ക്കായി സ്വന്തം ജീവൻപോലും പണയം വച്ചാണ് ഫയർ ഫോഴ്സും സിവില്‍ ഡിഫൻസ് സേനയും സ്‌കൂബാ സംഘവും ദുരന്തനിവാരണ സേനയും മറ്റ് സന്നദ്ധ സംഘങ്ങളും തെരച്ചില്‍ നടത്തിയത്. കനത്ത മഴയിലും കുത്തൊഴുക്കിലും തണുപ്പിനെയും കാലാവസ്ഥയെയും പരിഗണിക്കാതെയാണ് സേന തെരച്ചിലിന് നേതൃത്വം കൊടുത്തത് കണ്ണൂർ ജില്ലയിലെ മുഴുവൻ സേനയും പടിയൂർ പൂവത്തേക്ക് എത്തിയിരുന്നു. ഫയർ ഫോഴ്‌സിന്‍റെ നാല്പതോളം അംഗങ്ങളും ദുരന്തനിവാരണ സേനയുടെ മുപ്പതോളം അംഗങ്ങളുമാണ് പ്രതികൂല സാഹചര്യത്തിലും തെരച്ചില്‍ നടത്തിയത്. ദുരന്തനിവാരണ സേന, സ്‌കൂബാ അംഗങ്ങള്‍, 43 മണിക്കൂർ നിരന്തരം പ്രവർത്തിച്ച ഫയർഫോഴ്സ് എന്നിവരെ നാട്ടുകാർ അഭിനന്ദിച്ചു. ഷഹർബാനയുടെ മൃതദേഹം ദുരന്ത നിവാരണ സേനയും സൂര്യയുടെ മൃതദേഹം സിവില്‍ ഡിഫൻസ് ഫോഴ്‌സുമാണ് കരയ്ക്കെത്തിച്ചത്.
ഷഹർബാനയ്ക്കും സൂര്യയ്ക്കും കണ്ണീരോടെ വിട
മട്ടന്നൂർ: പടിയൂർ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച സുഹൃത്തുക്കളായ വിദ്യാർഥിനികള്‍ക്ക് നാടി കണ്ണീരോടെ യാത്രയേകി. ഷഹർബാനയുടെയും സൂര്യയുടെയും വീടുകളില്‍ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
ഷഹർബാനയുടെ മൃതദേഹം വീട്ടില്‍ കേവലം രണ്ടു മിനുട്ടു മാത്രമാണ് ബന്ധുക്കള്‍ക്ക് അന്ത്യോപചാരം അർപ്പിക്കാൻ വച്ചത്. ഷഹർബാനയുടെ വീട്ടില്‍ ജില്ലാപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രതീഷ്, മട്ടന്നൂർ നഗരസഭ വൈസ് ചെയർപേഴ്സണ്‍ ഒ. പ്രീത. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. മിനി വൈസ് പ്രസിഡന്‍റ് കെ.അനില്‍ കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സി.എൻ.ചന്ദ്രൻ, പി.പുരുഷോത്തമൻ, അൻസാരി തില്ലങ്കേരി, ഇ.പി. ഷംസുദ്ദീൻ, രാജീവൻ എളയാവൂർ, മുഹമ്മദ് ഫൈസല്‍ എന്നിവർ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
സൂര്യയുടെ മൃതദേഹം കണ്ണൂർ ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരത്തോടെ നാലാംപീടികയിലെ വീടായ ശ്രീലക്ഷ്മിയില്‍ എത്തിച്ചു പൊതുദർശനത്തിന് വച്ചു. ബന്ധുക്കളും നാട്ടുകാരും സമൂഹത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നായി നൂറുകണക്കിന് പേരാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. തുടർന്നു മൃതദേഹം അഞ്ചരക്കണ്ടി പഞ്ചായത്ത് വാതക ശ്മശാനത്തില്‍ സംസ്കരിച്ചു.
ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് എം.കെ. മോഹനൻ, കെ.സി. മുഹമ്മദ് ഫൈസല്‍, മുസ്‌ലീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, എം.പി.മുഹമ്മദലി, സിപിഎം നേതാക്കളായ എൻ.ചന്ദ്രൻ, എം. സുരേന്ദ്രൻ, കെ. ബാബുരാജ്, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ലോഹിതാക്ഷൻ, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്‍റ് എ.അനിഷ, സിബ്ഗ കോളജ് പ്രിൻസിപ്പല്‍ ഡോ. മിനയ് കുമാർ, മാനേജർ നവാസ്, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, പി.സി.അഹമ്മദ് കുട്ടി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.
إرسال تعليق