Join News @ Iritty Whats App Group

അര്‍ജുനായുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതിഷേധവുമായി കേരളം

ഷിരൂര്‍: അങ്കോലയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കുമുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. പ്രതീക്ഷയില്ല എന്ന കാരണം പറഞ്ഞാണ് ദൗത്യസംഘം തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുന്നത്. തിരച്ചില്‍ നിര്‍ത്താനുള്ള ദൗത്യസംഘത്തിന്റെ തീരുമാനം അപ്രതീക്ഷിതവും ദൗര്‍ഭാഗ്യകരവും ആണ് എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.


പതിമൂന്നാം ദിനം നടത്തിയ തിരച്ചിലിലും ദുഷ്‌കരമായിരുന്നു എന്ന് കര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പറഞ്ഞു. അടിയൊഴുക്ക് കാരണം പുഴയില്‍ ഇറങ്ങാനാകില്ല എന്നും തമിഴ്‌നാട്ടില്‍ നിന്ന് ബാര്‍ജ് എത്തിച്ച ശേഷമെ ഇനി തിരച്ചില്‍ മുന്നോട്ടുപോകൂ എന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ബാര്‍ജ് എത്തിക്കാന്‍ നാല് ദിവസമെങ്കിലും എടുക്കും. കേരളത്തിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.


എന്നാല്‍ പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് റിയാസ് പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട് എന്നും എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല.


പാന്‍ടൂണ്‍ കൊണ്ടു വരുന്ന കാര്യത്തില്‍ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി എന്നും മന്ത്രി ആരോപിച്ചു. അതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലുള്ള കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നും നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്നും റിയാസ് ആവശ്യപ്പെട്ടു. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണം എന്നും റിയാസ് വ്യക്തമാക്കി.

ഷിരൂരില്‍ തിരച്ചില്‍ തുടരണമെന്ന് കേരള സര്‍ക്കാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്നായിരുന്നു ഉത്തര കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചു മാത്രമായിരിക്കും തീരുമാനം എന്നാണ് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞത്. അതേസമയം തിരച്ചില്‍ നിര്‍ത്തിയതില്‍ പ്രതിഷേധമുണ്ട് എന്ന് അര്‍ജുന്റെ ബന്ധുവും പറഞ്ഞു.


നേരത്തെ അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ അവസാനിപ്പിക്കുന്നതായി മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അറിയിച്ചിരുന്നു. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയാണ് ദൗത്യം അവസാനിപ്പിക്കുന്നത് എന്നാണ് മാല്‍പെ സംഘം പറഞ്ഞത്.

Post a Comment

أحدث أقدم
Join Our Whats App Group