Join News @ Iritty Whats App Group

സുരേഷ് ഗോപി ബിജെപി പ്രവർത്തകനോ നേതാവോ അല്ല; തുറന്നടിച്ച് സികെ പദ്മനാഭൻ

കണ്ണൂർ: സുരേഷ് ഗോപിക്കെതിരെ തുറന്നടിച്ച് ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭൻ. സുരേഷ് ഗോപി ബി ജെ പി നേതാവോ പ്രവർത്തകനോ ആണെന്ന് പറയാൻ സാധിക്കില്ലെന്നും സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന വ്യക്തിയാമ് അദ്ദേഹമെന്നും പദ്മനാഭൻ. ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബി ജെ പി പ്രവർത്തകർ. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സുരേഷ് ഗോപി ഇന്ദിരാ ഗാന്ധിയെ ഭാരത് മാതാവ് എന്ന് വിളിച്ചതിൽ കുറ്റപ്പെടുത്തുന്നില്ല. കാരണം അദ്ദേഹത്തിന് അത്രയും ചരിത്ര ബോധമേ ഉള്ളൂ. അദ്ദേഹം സിനിമ രംഗത്ത് നിന്ന് വന്നയാളാണല്ലോ. അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചപ്പോൾ നിരവധി പേർ എന്നെ വിളിച്ചിരുന്നു. ഇതൊക്കെ അംഗീകരിക്കാനാകുമോയെന്ന് ചോദിച്ചു', പദ്മനാഭൻ പറഞ്ഞു. ബി ജെ പിയിലേക്ക് ആളുകൾ വരുന്നത് അടിസ്ഥാനപരമായ ആദർശത്തിന്‍റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


എപി അബ്ദുള്ളക്കുട്ടിയെ പോലുള്ള ആളുകൾക്ക് ബിജെപിയിലേക്ക് വന്നതിന്റെ ഗുണം അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്, അല്ലാതെ പാർട്ടിക്കല്ല. അധികാര രാഷ്ട്രീയത്തോടുള്ള അഭിനിവേശം കൊണ്ടാണ് പലരും പാർട്ടിയിലേക്ക് വരുന്നത്. ബിജെപിയിലേക്ക് ഇത്തരത്തിൽ വരുന്ന ആളുകൾക്ക് ബിജെപിയുടെ അടിസ്ഥാനപരമായ കാര്യങ്ങൾ സന്നിവേശിപ്പിച്ച് കൊണ്ട് പദവി നൽകി കൊണ്ടുവരണം. അതല്ലാതെ ഇത്തരക്കാരെ സ്വീകരിക്കുന്നത് തെറ്റായ സന്ദേശമാണ് പാർട്ടി നൽകുന്നത്.

പാർട്ടിയെ വളർത്തിയെടുക്കാൻ കഷ്ടപ്പെട്ട ആയിരക്കണക്കിന് സാധാരണ പ്രവർത്തകർ ഉണ്ട്. എപ്പോഴും വെള്ളം കോരാനും വിറക് വെട്ടാനും വിധിക്കപ്പെട്ടവരാണെന്ന തോന്നൽ അവർക്ക് വരും. അങ്ങനെ വന്ന് കഴിയുമ്പോൾ പാർട്ടിയുടെ വേരിനെ ബാധിക്കും. ഇപ്പോൾ തന്നെ പലർക്കും ചാഞ്ചല്യം ഉണ്ട്. മോദി വീണ്ടും അധികാരത്തിൽ വന്നതിനാലാണ് നിൽക്കുന്നത്. അധികാരം നഷ്ടപ്പെടുമ്പോൾ പാർട്ടി ക്ഷയിക്കുമ്പോൾ പദവി മോഹിച്ച് വന്നവരൊക്കെ പാർട്ടി വിട്ടേക്കും', പദ്മനാഭൻ പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതം എന്ന് ആലങ്കാരികമായി പറയാം എന്നല്ലാതെ പ്രായോഗികമാക്കാൻ ആവില്ലെന്നും സി കെ പത്മനാഭൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ അതിനർത്ഥം കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group